കൊടകരക്ക് മുമ്പും കേരളത്തിലേക്ക് ബിജെപിക്ക് വന്ന പണം കവര്‍ന്നു
അഡ്മിൻ
കൊടക്കര കുഴല്പ്പണകവര്ച്ചക്ക് മുമ്പ് ബിജെപി കേരളത്തിലേക്ക് കൊണ്ടു വന്ന പണം കവര്‍ച്ച ചെയ്യപ്പെട്ടതായി സൂചന. സേലം കൊങ്കണാപുരത്ത് നിന്നും നാല് കോടി നാല്‍പ്പത് ലക്ഷം രൂപയാണ് കവര്‍ന്നത്. ബെംഗ്ളൂരുവില്‍ നിന്നും കൊണ്ടുവന്ന പണമാണെന്നാണ് കൊടകര കവര്‍ച്ച അന്വേഷിച്ച സംഘം സ്ഥിരീകരിച്ചു. കുറ്റപത്രത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
ധര്മ്മരാജന് അടക്കമുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് കവര്‍ച്ചയെ കുറിച്ച് വിവരം ലഭിച്ചത്. മാര്‍ച്ച് 6 നാണ് കവര്‍ച്ച നടന്നത്. സേലത്ത് നിന്നും പതിനഞ്ച് കീലോ മീറ്റര്‍ മാറി കൊങ്കണാപുരത്ത് ദേശീയപാതയില്‍ വെച്ചാണ് പണം കവര്‍ന്നത്. ധര്‍മ്മരാജനെ തന്നെയാണ് പണം കൊണ്ടുവരാന്‍ ഏല്‍പ്പിച്ചത്. ധര്‍മ്മരാജന്റെ അടുത്ത ബന്ധു വാഹനത്തിന് പൈലറ്റായി നിന്നുകൊണ്ടാണ് പണം കൊണ്ടുവന്നത്. വാഹനത്തില്‍ കൂത്തുപറമ്പ് സ്വദേശി അഷ്റഫും ഉണ്ടായിരുന്നു. മാര്‍ച്ച് ആറാം തിയ്യതി തന്നെയാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരത്തിനെത്തുന്നത്.
കൊങ്കണാപുരത്ത് എത്തിയതോടെ വാഹനം ഒരു സംഘം തടയുകയും പണം കവരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു മാസം മുമ്പാണ് കവര്‍ച്ച നടന്നത്. ഇതിന് പുറമേ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാലത്തും ബിജെപിക്കായി വന്‍ തോതില്‍ ഹവാലപണം കേരളത്തിലെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ധര്മരാജന് കര്‍ണാടകയില്‍ നിന്നും മൂന്ന് തവണ പണം എത്തിച്ചു. കൊടകര കവര്‍ച്ച നടന്ന ദിവസം 6.30 കോടി രൂപ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. കോഴിക്കോട് നിന്നും ചാക്കുകളിലായി മൂന്ന് പിക് അപ് ലോറികളിലാണ് പണം തൃശ്ശൂരിലെത്തിച്ചത്. കൊടകരയില്‍ കവര്‍ച്ച നടന്ന വിവരം യഥാസമയം ധര്മരാജന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ അറിയിച്ചു എന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. സുരേന്ദ്രന്റെ മകന്റെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.