പണം ബിജെപി നേതാക്കൾ പറഞ്ഞിട്ട് കൊണ്ടുവന്നതെന്ന് ധർമരാജൻ
അഡ്മിൻ
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളെ വെട്ടിലാക്കി പ്രതി ധര്‍മരാജൻ്റെ മൊഴി. കൊടകരയിൽ വെച്ച് കാറിൽ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടി രൂപ തന്‍റേതല്ലെന്നും ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം പണം താൻ എത്തിക്കുകയായിരുന്നുവെന്നുമാണ് ധര്‍മരാജൻ മൊഴി നല്‍കിയിരിക്കുന്നത്.
പണം കൊണ്ടുവന്ന സംഘത്തിലുണ്ടായിരുന്ന ധര്‍മരാജൻ അന്വേഷണ സംഘത്തിനു മുന്നിലാണ് ഇത്തരത്തിൽ ഹര്‍ജി നല്‍കിയത്. പണം തന്‍റേതാണെന്ന തരത്തിൽ ഹര്‍ജി നല്‍കിയത് പരപ്രേരണ മൂലമാണെന്ന് ധര്‍മരാജൻ അന്വേഷണസംഘത്തെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
പണം തന്‍റേതാണെന്നു തെളിയിിക്കാനുള്ള രേഖകള്‍ കൈവശം ഇല്ലെന്നും അതുകൊണ്ടാണ് രേഖകള്‍ ഹാജരാക്കാത്തതെന്നും ധര്‍മരാജൻ അന്വേഷണസംഘത്തോട് അറിയിച്ചു. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുടെ വാദത്തിനു വിരുദ്ധമാണ് ധര്‍മരാജൻ്റെ നിലപാട്.
ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഉള്‍പ്പെടെ 19 നേതാക്കളെ സാക്ഷികളാക്കി കഴിഞ്ഞ ദിവസം കേസിൽ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കാറിൽ നിന്ന് തട്ടിയെടുത്ത പണം ബിജെപി സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിച്ച തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് പോലീസ് പറയുന്നത്. പണം കവര്‍ച്ച ചെയ്ത സംഘത്തിലുണ്ടായിരുന്ന 22 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.