ഒറ്റ ദിവസം കൊണ്ട് നാലര ലക്ഷം പേർക്ക് വാക്സിൻ നൽകി കേരളം
അഡ്മിൻ
കേരളം ഇന്നലെ മാത്രം വാക്സിന്‍ നല്‍കിയത് നാലര ലക്ഷം പേര്‍ക്ക്. ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേർക്ക് വാക്സിൻ നൽകുന്നത്. ഇന്നലെ വന്ന 38,860 ഡോസ് കോവാക്സിൻ ഉൾപ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം ഡോസ് വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്.
ഞായറാഴ്ച കൂടുതൽ വാക്സിൻ കേന്ദ്രസർക്കാർ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വാക്സിനേഷൻ അനിശ്ചിതത്വത്തിലാകുമെന്നും വാക്സീൻ ലഭിച്ചാൽ ഏറ്റവും നന്നായി കൊടുത്തു തീർക്കും എന്ന് കേരളം ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ 59,374 പേർക്ക് വാക്സിൻ നൽകിയ കണ്ണൂർ ജില്ലയാണ് മുമ്പിൽ. 53,841 പേർക്ക് വാക്സിൻ നൽകി തൃശൂർ ജില്ലയും 51,276 പേർക്ക് വാക്സിൻ നൽകി കോട്ടയം ജില്ലയും തൊട്ട് പുറകിലുണ്ട്. മറ്റ് ജില്ലകളിലെല്ലാം 10,000‑ത്തിലേറെ പേര്‍ക്ക് വാക്സിന്‍ നല്‍കി. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേർക്കാണ് വാക്സിൻ നൽകിയത്. 1.83 കോടി ഡോസാണ് ആകെ വിതരണം ചെയ്തത്.
2011‑ലെ സെൻസസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേർക്ക് ഒന്നാം ഡോസും 16.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 53.43 ശതമാനം പേർക്ക് ഒന്നാം ഡോസും 23.19 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാൾ വളരെ മുന്നിലാണ്.