സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയനെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. കേരളം പട്ടിണി കിടക്കാതിരിക്കാന്‍ അരിയും, ഭക്ഷ്യ പദാര്‍ത്ഥങ്ങളും നല്‍കിയതിലുള്ള പരിഹാസമാണെന്നും അരിയുടെ വില എത്ര വലുതെന്ന് വിശക്കുന്ന മനുഷ്യരോട് ചോദിച്ചു മനസ്സിലാക്കിയാല്‍ വി.ടി ബലരാമന്‍മാര്‍ ഇത്ര അധ:പതിക്കില്ലായിരുന്നുവെന്നും ഷാജര്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാജര്‍ വിമര്‍ശനമുന്നയിച്ചത്.മുഖ്യമന്ത്രിയുടെ പേരിനൊപ്പം അരിയും, അന്നവും ചേര്‍ത്താല്‍ അദ്ദേഹത്തിന്‍്റെ മഹത്വം വീണ്ടും ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്നും സോളാറും, ഐസ്ക്രീമും പോലെയല്ല അരി എന്നത് ഓര്‍ത്താല്‍ ബലരാമാദികള്‍ക്ക് നല്ലതെന്നും ഷാജര്‍ കൂട്ടിച്ചേര്‍ത്തു.
മലപ്പുറം വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ 'കേരളത്തിന്‍റെ ദൈവം' എന്ന അടിക്കുറിപ്പോടെ പിണറായി വിജയന്‍റെ ബോര്‍ഡ് സ്ഥാപിച്ചതിനെ ചൂണ്ടിക്കാണിച്ചായിരുന്നു വിടി ബല്‍റാമിന്‍റെ പരിഹാസം. "രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്‍റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്‍റെ ദൈവം, പച്ചരി വിജയന്‍." ഇതിനെതിരെയാണ് എം ഷാജര്‍ രംഗത്തെത്തിയത്.
എം ഷാജറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
സോളാര്‍ ചാണ്ടി എന്ന ഇരട്ടപ്പേര് വന്നത് സോളാര്‍ കണ്ടു പിടിച്ചതിന്റെ മേന്‍മയില്‍ അല്ല.ഐസ്ക്രീം കുഞ്ഞാപ്പ എന്നത് ഐസ്ക്രീം കമ്ബനി തുടങ്ങിയതിലുമല്ല. ആരോ വെച്ച ഒരു ബോര്‍ഡിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ വരെ മുഖ്യമന്ത്രിയെ പച്ചരി എന്ന് ചേര്‍ത്ത് വിളിക്കുന്നതായി കണ്ടു.കേരളം പട്ടിണി കിടക്കാതിരിക്കാന്‍ അരിയും, ഭക്ഷ്യ പദാര്‍ത്ഥങ്ങളും നല്‍കിയതിലുള്ള പരിഹാസം !
പ്രതിപക്ഷത്തെ 'പോരാളികളുടെയും' സോഷ്യല്‍ മീഡിയ 'ബുദ്ധിജീവികളുടെയും' നിലവാരം ഓര്‍ത്ത് സഹതാപം തോന്നുന്നു.അരിയുടെ വില എത്ര വലുതെന്ന് വിശക്കുന്ന മനുഷ്യരോട് ചോദിച്ചു മനസ്സിലാക്കിയാല്‍ വി.ടി ബലരാമന്‍മാര്‍ ഇത്ര അധ:പതിക്കില്ലായിരുന്നു.
അതിനാല്‍ നിങ്ങള്‍ മുഖ്യമന്ത്രിയുടെ പേരിനൊപ്പം അരിയും, അന്നവും ചേര്‍ത്താല്‍ അദ്ദേഹത്തിന്‍റെ മഹത്വം വീണ്ടും ഉയര്‍ന്ന് തന്നെ നില്‍ക്കും.സോളാറും, ഐസ്ക്രീമും പോലെയല്ല അരി എന്നത് ഓര്‍ത്താല്‍ ബലരാമാദികള്‍ക്ക് നല്ലത്.കേരള ജനത നല്‍കിയ ഒരു മറുപടി കൊണ്ടൊന്നും നന്നാകില്ലെന്ന് തെളിയിക്കുന്ന മരണത്തിന്റെ വ്യാപാരികള്‍ക്ക് നല്ല നമസ്കാരം.