വയനാട് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെപിസിസിക്ക് വീണ്ടും പരാതി
അഡ്മിൻ
വയനാട് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പരാതി. വയനാട്ടിലെ നേതാക്കള്‍ അഴിമതി നടത്തി വിഹിതം പങ്കിടുന്നവരാണെന്നും നടപടി വേണമെന്നാവശ്യപ്പെട്ടുമാണ് പുതിയ പരാതി.കര്‍ഷക തൊഴിലാളി ഫെഡറേഷന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനുള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ് പരാതി നല്‍കിയത്. ചില കൊമ്പുകള്‍ മുറിച്ചുമാറ്റണമെന്നുംപ്രവര്ത്തകര്ക്ക് നാണക്കേടുകൊണ്ട്, പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
ബത്തേരിയിലെ സഹകരണബാങ്കുകളിലെ നിയമനങ്ങളിലും മറ്റും കോടികളുടെ അഴിമതികള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജില്ലാ നേതൃത്വത്തിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുന്നത്.ബത്തേരി അര്‍ബന്‍ ബാങ്കില്‍ നിയമനങ്ങളിലുള്‍പ്പെടെ ഡി സി സി പ്രസിഡന്റും എം എല്‍ എയുമായ ഐ സി ബാലകൃഷ്ണനും മറ്റ് നേതാക്കളും ലക്ഷങ്ങള്‍ കോഴവാങ്ങിയെന്ന് ഡി സി സി സെക്രട്ടറി ആര് പി ശിവദാസ് കെ പി സി സി ക്ക് പരാതിനല്‍കിയിരുന്നു.
അഴിമതിക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ രാജിവെക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതിയും. ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് ബത്തേരി താലൂക്ക് കമ്മറ്റിയാണ് ഈ പരാതി നല്‍കിയിരിക്കുന്നത്.അഴിമതി നടത്തുന്ന നേതാക്കള്‍ വിഹിതത്തില്‍ കുറവുണ്ടായാല്‍ തമ്മില്‍ തല്ലുകയും കിട്ടിയാല്‍ തോളില്‍ കയ്യിട്ട് നടക്കുന്നവരാണെന്നും പരാതിയിലുണ്ട്.
ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം. നല്ല പ്രവര്‍ത്തകര്‍ ഇക്കാരണത്താല്‍ പാര്‍ട്ടി വിടുകയാണെന്നും പാര്‍ട്ടി നന്നാവണമെങ്കില്‍ ചില കൊമ്പുകള്‍ മുറിച്ചുമാറ്റണമെന്നും ഫെഡറേഷന് നേതാവ് ഷാജി ചുള്ളിയോട് ആവശ്യപ്പെടുന്നു.അഴിമതിക്കാരായ നേതാക്കളെ പാര്‍ട്ടി തീരുമാനങ്ങളെടുക്കുമ്പോള്‍ മാറ്റി നിര്‍ത്തണമെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, ഡി സി സി നേതൃത്വത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചെങ്കിലും നേതൃത്വം ഇതുവരെ ഇടപെട്ടിട്ടില്ല.ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതിയില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത് ജില്ലാ നേതൃത്വം തന്നെയാണ്. അഴിമതി നടത്തിയവര്‍ തന്നെ അന്വേഷണവും നടത്തുന്നത് പ്രഹസനമാണെന്ന് ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അഴിമതിക്കഥകള്‍ പുറത്തുവന്നതോടെ നാണക്കേടിലായ കോണ്‍ഗ്രസ് ജില്ലാ ഘടകം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്ന പരാതികള്‍.