പിളര്‍ന്നിട്ടില്ല; ഐഎന്‍എല്‍ അഖിലേന്ത്യാ സംവിധാനം: അഹമ്മദ് ദേവര്‍കോവില്‍

ഐഎന്‍എല്‍ പാര്‍ട്ടി പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഇന്നലെ നടന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്നും താന്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ സെക്രട്ടറിയാണെന്നും മന്ത്രി പറഞ്ഞു.

താന്‍ പാര്‍ട്ടിയുടെ ഭാഗത്താണെന്നും മന്ത്രി ഐഎന്‍എല്‍ അഖിലേന്ത്യാ സംവിധാനമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇന്നലെ കൊച്ചിയില്‍ വച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് ഐഎന്‍എല്ലില്‍ പൊട്ടിത്തെറിയുണ്ടായത്. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസിഡണ്ട് എ പി അബ്ദുള്‍ വഹാബും വേറേ വേറേ യോഗം ചേരുകയും പരസ്പരം പുറത്താക്കുകയും ചെയ്തു.

ഐഎന്‍എല്ലിന്റെ 112 കൗണ്‍സില്‍ അംഗങ്ങളില്‍ 72 പേര്‍ കൂടെയുണ്ടെന്നും 62 പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ 32 പേരും കൂടെയുണ്ടെന്നുമാണ് അബ്ദുള്‍ വഹാബിന്റെ അവകാശവാദം. ഓഗസ്റ്റ് മൂന്നിന് കോഴിക്കോട് വച്ച് പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹി യോഗം ചേരുമെന്നും വഹാബ് അറിയിച്ചിട്ടുണ്ട്.

26-Jul-2021