ധർമരാജൻ ഏറ്റവും അധികം പണം എത്തിച്ചത് തൃശൂരിലെ ബിജെപി ഓഫീസിലേക്ക്

കൊടകര കുഴല്‍പണ തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിജെപിയെ വളരെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങള്‍ ആണുള്ളത്. തെരഞ്ഞെടുപ്പുകാലത്ത് ധര്‍മരാജന്‍ ബിജെപിയ്ക്കായി കേരളത്തിലേക്ക് എത്തിച്ചത് ഇരുപത്തിയൊന്ന് കോടിയോളം രൂപയാണ് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഇങ്ങനെ സേലത്ത് വച്ച് കവര്‍ച്ച ചെയ്യപ്പെട്ട 4.4 കോടി രൂപ കൂടാതെയാണിത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണവും കൂട്ടിയാണ് ഈതുക. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ധര്‍മരാജന്റെ മൊഴിയില്‍ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഏറ്റവും അധികം പണം എത്തിച്ചത് തൃശൂരിലെ ബിജെപി ഓഫീസിലേക്കായിരുന്നു.

ധര്‍മരാജന്‍ ഒറ്റയടിക്ക് കടത്തിയ ഏറ്റവും വലിയ തുക 13.5 കോടി രൂപയാണ്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് എത്തിച്ച പണം ആണ് ധര്‍മരാജന്‍ തൃശൂരിലേക്ക് കൊണ്ടുവന്നത്. സേട്ടുമാരാണ് കര്‍ണാടകത്തില്‍ പണം സംഭരിച്ചുവയ്ക്കുന്നതും കൈമാറുന്നതും എന്നാണ് ധര്‍മരാജന്‍ പറയുന്നത്. ഇത്തരത്തില്‍ ഒരാളാണ് 13.5 കോടി രൂപ കോഴിക്കോട് എത്തിച്ചത്. ചാക്കില്‍ കെട്ടി ഏപ്രില്‍ 2 ന് ആയിരുന്നു ഇത്തരത്തില്‍ 13.5 കോടി രൂപ കോഴിക്കോട് എത്തിയത്. ഇത് തൃശൂരിലെ ബിജെപി ഓഫീസില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം.

ബിജെപി ഓഫീസില്‍ തിരക്കായിരുന്നതിനാല്‍ മറ്റൊരു ലോഡ്ജില്‍ തങ്ങാന്‍ ബിജെപി നേതാവ് കൂടിയായ സുജയ് സേനന്‍ നിര്‍ദ്ദേശിച്ചു എന്ന് പറയുന്നു. പിന്നീട് ഈ പണം ചാക്കില്‍ കെട്ടി, തലയില്‍ ചുമന്നാണ് ബിജെപി ഓഫീസില്‍ എത്തിച്ചത് എന്നും ധര്‍മരാജന്റെ മൊഴിയില്‍ പറയുന്നുണ്ട്.

13.5 കോടി രൂപയില്‍ 6.3 കോടി രൂപയാണ് തൃശൂരിലെ ബിജെപി ഓഫീസില്‍ എത്തിച്ചത് എന്നാണ് ധര്‍മരാജന്‍ പറയുന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ഗിരീശന്റെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നത്രെ ഇത്. അതിന് ശേഷം ബാക്കി തുക കെ സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയിലേക്കാണ് എത്തിച്ചത് എന്നും പറയുന്നുണ്ട്. കോടികള്‍ ഇങ്ങനെ ധര്‍മരാജന്‍ വഴി പത്തനംതിട്ടയില്‍ എത്തിച്ചുനല്‍കിയത് 1.4 കോടി രൂപയാണ്.

കണ്ണൂരിലെ ബിജെപി ഓഫീസില്‍ 1.04 കോടി രൂപ എത്തിച്ചു. കാസര്‍കോട് ബിജെപി ഓഫീസില്‍ 3.5 കോടി രൂപയാണ് എത്തിച്ചത്. മാര്‍ച്ച് 21, 23 തീയ്യതികളിലായിട്ടായിരുന്നു ഇത്. മാര്‍ച്ച് 23 ന് തന്നെ ആലപ്പുഴയിലെ ബിജെപി നേതാവിന് ഒന്നര കോടിയും നല്‍കിയിട്ടുണ്ട് എന്നാണ് മൊഴിയില്‍ പറയുന്നത്.

കര്‍ണാടകത്തില്‍ നിന്ന് സേലം വഴി കൊണ്ടുവരികയായിരുന്ന 4.4 കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടതായും ധര്‍മരാജന്റെ മൊഴിയില്‍ പറയുന്നുണ്ട്. മാര്‍ച്ച് 6 ന് ആയിരുന്നു ഈ പണം നഷ്ടപ്പെട്ടത്. ഈ കവര്‍ച്ചയ്ക്ക് പിന്നിലും കേരളത്തില്‍ നിന്നുള്ള സംഘമാണെന്നാണ് വിലയിരുത്തുന്നത്.

26-Jul-2021