സംസ്ഥാനത്തിന്റെ വാക്സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം

കേരളത്തിന്റെ വാക്സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം. കേരളത്തിന് 9,72,590 ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിൻ കൂടി ലഭിച്ചതായി അറിയിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് . 8,97,870 ഡോസ് കൊവിഷീൽഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായിട്ടുള്ളത്.

നിലവിൽ എറണാകുളത്ത് 5 ലക്ഷം കൊവീഷീൽഡ് വാക്‌സിൻ എത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കൊവിഷീൽഡ് വാക്‌സിനും കോഴിക്കോട് 77,220 ഡോസ് കൊവീഷിൽഡ് വാക്‌സിനും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കൊവാക്‌സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കൊവീഷീൽഡ് വാക്‌സിൻ രാത്രിയോടെ എത്തുന്നതാണ്. ഇന്നലെ വൈകിയാണ് വാക്‌സിൻ ലഭിച്ചത്.

ലഭ്യമായ വാക്‌സിൻ എത്രയും വേഗം വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇപ്പോൾ ലഭിച്ച വാക്‌സിൻ മൂന്ന് നാല് ദിവസത്തേക്ക് മാത്രമേയുള്ളൂ. അതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ ആവശ്യമുണ്ട്. വാക്‌സിൻ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമായ വാക്‌സിൻ നൽകണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാർ നടത്തിയ ചർച്ചയിൽ കേരളത്തിന് കൂടുതൽ വാക്‌സിൻ ഡോസുകൾ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,90,02,710 പേർക്കാണ് വാക്‌സിൻ നൽകിയത്.

29-Jul-2021