രക്തസാക്ഷിമണ്ഡപത്തിൽ കയറിയ നടപടി തിരിച്ചടിയായി; ആലപ്പുഴയിലെ പരാജയ കാരണങ്ങൾ നിരത്തി ബിജെപി നേതാക്കൾ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളുടെ കാലുവാരിയത് ബിഡിജെഎസ് എന്ന് നേതാക്കൾ. പാർട്ടി സ്ഥാനാർത്ഥികളുടെ തോൽവി പഠിക്കാനെത്തിയ പാർട്ടി കമ്മീഷന് മുന്നിലാണ് ആലപ്പുഴയിലെ നേതാക്കൾ സഖ്യകക്ഷിയുടെ കാലുവാരലിനെ കുറിച്ച് വിവരിച്ചത്.

എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിയുടെ നിലപാടും പ്രതികൂൂലമായി ബാധിച്ചെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളി നടേശന്റെ നിലപാട് ബി.ഡി.ജെ.എസ്. സ്ഥാനാർഥികൾക്കുപോലും ഗുണകരമായിരുന്നില്ലെന്നും നേതാക്കൾ കമ്മീഷന് മൊഴി നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, സെക്രട്ടറി എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിഷനാണ് മൊഴിയെടുത്തത്.

അരൂർ, ചേർത്തല, കായംകുളം, കുട്ടനാട് മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ്. മത്സരിച്ചത്. ഇവിടങ്ങളിൽപ്പോലും എസ്.എൻ.ഡി.പി.യോഗം പ്രവർത്തകർ ബി.ഡി.ജെ.എസിനെ അനുകൂലിച്ചില്ല. ബി.ജെ.പി. മത്സരിച്ച അഞ്ചു മണ്ഡലങ്ങളിലും ബി.ഡി.ജെ.എസ്. കാലുവാരി. കുട്ടനാട്ടിൽ മുൻ ബി.ഡി.ജെ.എസ്.നേതാവ് സുഭാഷ് വാസുവിനെ അനുകൂലിക്കുന്നവരും എതിരായി പ്രവർത്തിച്ചെന്നു നേതാക്കൾ മൊഴിനൽകി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി.യിലുണ്ടായ വിഭാഗീയത വോട്ടുചോർച്ചയ്ക്കു കാരണമായി. മാവേലിക്കര മണ്ഡലം ഒഴികെ മറ്റെല്ലായിടത്തും ഇതു പ്രതിഫലിച്ചു. ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയാകാതിരുന്ന ബാലശങ്കറിനെ അനുകൂലിക്കുന്നവരുടെ വോട്ടുകൾ സി.പി.എം.സ്ഥാനാർഥിക്കു മറിഞ്ഞു.

കായംകുളത്തെ ബി.ഡി.ജെ.എസ്‌. സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട മൈക്രോ ഫിനാൻസ് ക്രമക്കേട് വിവാദമാക്കാർ അവിടത്തെ ചില നേതാക്കൾ കൂട്ടുനിന്നതായി ഒരുവിഭാഗം പറഞ്ഞു. അമ്പലപ്പുഴയിൽ അനൂപ് ആന്റണിയെ മത്സരിപ്പിച്ചതിനെതിരേ ഒരുവിഭാഗം പരസ്യമായി പ്രവർത്തിച്ചു. ഇവരിൽ പലരും കോൺഗ്രസ് സ്ഥാനാർഥിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.

ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥി പുന്നപ്ര രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനെച്ചൊല്ലി നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായി. എതിരായവർ പ്രവർത്തനങ്ങളിൽനിന്നു മാറിനിന്നു. ഹരിപ്പാട്ടും വിഭാഗീയത പ്രകടമായിരുന്നു. രമേശ് ചെന്നിത്തലയെ സഹായിക്കുന്ന നിലപാടാണ് ഒരുവിഭാഗം സ്വീകരിച്ചത്.

കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ ബി.ജെ.പി.വോട്ട് കോൺഗ്രസ് സ്ഥാനാർത്ഥികൾക്കനുകൂലമായി മറിഞ്ഞു. ആലപ്പുഴയിലെ ഒരുവിഭാഗം വോട്ടുകൾ സി.പി.എം. സ്ഥാനാർത്ഥിക്ക് അനുകൂലമായതായി സംശയമുണ്ടെന്നും നേതാക്കൾ മൊഴികൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പുഫണ്ട് താഴെത്തട്ടിൽ എത്തിയിയില്ലെന്നും പരാതികൾ വന്നു.

29-Jul-2021