കോവിഡ്: അടുത്ത മൂന്നാഴ്ച അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്
അഡ്മിൻ
കോവിഡ് കേസുകളും രോഗവ്യാപന നിരക്കും ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം എത്തും.
“ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകരുത്. അതിനാലാണ് പരിശോധനകളുടെ എണ്ണം കൂട്ടിയത്. ടി.പി.ആര്‍ കുറച്ചു കൊണ്ടു വരുന്നതിനുള്ള മാര്‍ഗങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. എല്ലാ വകുപ്പുകളും ഏകോപിപ്പിച്ചുള്ള പരിശ്രമമാണ് നടക്കുന്നത്,” ആരോഗ്യമന്ത്രി പറഞ്ഞു.
“കോവിഡ് വ്യാപനം തടയുന്നതിനായി കേരളം സ്വീകരിച്ച നടപടികളെ വിദഗ്ധര്‍ അഭിനന്ദിച്ചിട്ടുള്ളതാണ്. ഏപ്രില്‍ മാസം പകുതിക്ക് ശേഷമാണ് രണ്ടാം തരംഗം കേരളത്തില്‍ ആരംഭിച്ചത്. ഇപ്പോള്‍ കേസുകളില്‍ ഉണ്ടായ വര്‍ധനവ് പ്രതീക്ഷിച്ചതാണ്,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
“സംസ്ഥാനത്തെ വാക്സിനേഷന്‍ നടപടികളും നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഐ.സി.യുവിലും, ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. വാക്സിനേഷന്‍ എടുത്തവര്‍ക്ക് രോഗം വന്നാല്‍ തീവ്രത കുറയുന്നതിനാലാണിത്. അടുത്ത മൂന്നാഴ്ച വളരെ നിര്‍ണായകമാണ്, ജാഗ്രത പുലര്‍ത്തണം,” വീണാ ജോര്‍ജ് പറഞ്ഞു.