കൊവിഡ് : 5650 കോടിയുടെ മൂന്നാം അനുബന്ധ പാക്കേജുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍, എന്നിവരുള്‍പ്പെടെയുള്ളര്‍ക്ക് സഹായകരമായ 5650 കോടി രൂപയുടെ അനുബന്ധ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പ്രത്യാഘാതമനുഭവിക്കുന്നവർക്ക് സഹായകരമാകുന്ന പാക്കേജാണ് പ്രഖ്യാപിച്ചതെന്ന് ധന മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

കേന്ദ്ര - സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവയില്‍ നിന്നും എടുക്കുന്ന 2 ലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ 4 ശതമാനം വരെ സംസ്ഥാന സര്‍ക്കാര്‍ ആറുമാസത്തേക്ക് വഹിക്കുന്നതാണ്. ആകെ 2,000 കോടി രൂപ വലിപ്പമുള്ള വായ്പാ പദ്ധതിക്കുള്ള പലിശയിളവാണിത്. ഒരു ലക്ഷം പേര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കുകയാണ്. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് (എം.എസ്.എം.ഇ) കെട്ടിടനികുതി ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കുകയാണ്. ഈ സ്ഥാപനങ്ങള്‍ക്ക് ഈ കാലയളവില്‍ ഇലക്ട്രിസിറ്റി ഫിക്സഡ് ചാര്‍ജ്ജും സര്‍ക്കാര്‍ വാടകയും ഒഴിവാക്കുന്നതാണ്.

20-01-2021 മുതൽ അടവ് മുടക്കമായ കെഎസ്എഫ്ഇ നൽകിയ എല്ലാ ലോണുകളുടെയും പിഴപലിശ സെപ്തംബർ 30 വരെ ഒഴിവാക്കി നൽകും. ചിട്ടിയുടെ കുടിശ്ശികക്കാർക്ക് കാലാവധി അനുസരിച്ച് സെപ്തംബർ 30 വരെയുള്ള അമ്പതു മുതൽ നൂറു ശതമാനം വരെ പലിശയും പിഴപലിശയും ഒഴിവാക്കി നൽകും.
20-0-2021 മുതൽ അടവ് മുടക്കമായ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാർക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നൽകും. 30-09-2021 വരെ ചിട്ടിപിടിച്ച ചിറ്റാളന്മാർക്ക് ഡിവിഡന്‍റ് നഷ്ടപ്പെടില്ലെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് നല്‍കുന്ന അഞ്ചു ശതമാനം നിരക്കില്‍ ഒരു ലക്ഷം രൂപ വരെ നല്‍കുന്ന ലോണിന്‍റെ കാലാവധിയും 30-09-2021 വരെ നീട്ടുന്നു . കൊവിഡ് പശ്ചാത്തലത്തില്‍ വ്യവസായ പുനരുജ്ജീവനതിനായി കെഎഫ്സി വഴി മൂന്നു പദ്ധതികള്‍ കൂടി പ്രഖ്യപിച്ചു. ജൂലൈയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പുറമെയാണിത്‌.

1. സ്റ്റാർട്ടപ്പ് കേരള പദ്ധതി.
ഒരു കോടി രൂപ വരെ കോളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന 'സ്റ്റാർട്ടപ്പ് കേരള' വായ്പാപദ്ധതി .ഇതിനായി കെഎഫ്സി 50 കോടി രൂപ മാറ്റി വയ്ക്കും.

2. വ്യവസായ എസ്റ്റേറ്റിലെ സംരംഭങ്ങൾക്കുള്ള ഉള്ള പ്രത്യേക വായ്പാപദ്ധതി.
സംസ്ഥാനത്തെ വിവിധ വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുന്ന പ്രത്യേക വായ്പാപദ്ധതി. 20 കോടി വരെ ഒരു സംരംഭത്തിന് അനുവദിക്കുന്ന ഈ പദ്ധതിയിൽ, 500 കോടി രൂപ മാറ്റി വയ്ക്കും.

3. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി രണ്ടാം ഭാഗം.
ഒരു കോടി വരെ 5% പലിശയിൽ വായ്പ നൽകുന്ന ഈ പദ്ധതിയിൽ ഒരു വർഷം 500 സംരംഭം എന്ന കണക്കിൽ, അടുത്ത അഞ്ച് വർഷം കൊണ്ട് 2500 പുതിയ വ്യവസായ യൂണിറ്റുകൾക്ക് വായ്പ അനുവദിക്കും. 50 വയസ്സിൽ താഴെയുള്ള യുവസംരംഭകർക്ക് ആണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വർഷംതോറും 2000 പുതു സംരംഭകരെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി അതിൽ പ്രാപ്തരായവരെ കണ്ടെത്തിയാണ് വായ്പ അനുവദിക്കുക. ഇതിനായി മുന്നൂറു കോടി രൂപ ചെലവാക്കും.

ഇതിനെല്ലാം പുറമെയാണ് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഓഗസ്റ്റ്‌ മാസം ഒരുമിച്ച് നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു. ഇതുവഴി 1700 കോടി രൂപ ജനങ്ങളുടെ കൈയില്‍ നേരിട്ട് എത്തും. ഇതിനു പുറമേ ഓണത്തിന് അനുവദിക്കുന്ന സ്പെഷ്യല്‍ ഭക്ഷ്യ കിറ്റിനു 526 കോടി രൂപ ചെലവാക്കുമെന്നും ധന മന്ത്രി പറഞ്ഞു.

30-Jul-2021