കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചില്ല; ബി ജെ പി നേതാവ് രാഷ്ട്രീയം വിടുന്നു
അഡ്മിൻ
മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചു. രണ്ട് തവണ പാര്‍ലമെന്റ് അംഗമായ സുപ്രിയോക്ക് ജൂലൈ 7ന് മോദി മന്ത്രി സഭ പുനസംഘടിപ്പിച്ചപ്പോഴാണ് കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായത്. ''തൃണമൂല്‍ കോണ്‍ഗ്രസിലേക്കോ, കോണ്‍ഗ്രസിലേക്കോ, സി.പി.എമ്മിലേക്കോ ഞാനില്ല. എന്നെ ആരും വിളിച്ചില്ല. ഞാന്‍ എവിടെയും പോകുന്നുമില്ല. ഞാന്‍ ഒരു ടീമിന്റെ കളിക്കാരനാണ്. ഞാന്‍ ഒരു ടീമിനെ മാത്രമേ പിന്തുണച്ചിട്ടുള്ളൂ. മോഹന്‍ ബഗാന്. ഒരു പാര്‍ട്ടിക്കൊപ്പമേ നിന്നിട്ടുള്ളൂ. ബി ജെ പി അത്രതന്നെ.
ഞാന്‍ കുറേനാളായി പാര്‍ട്ടിയിലുണ്ട്. ഞാന്‍ കുറച്ചുപേരെ സഹായിച്ചു. കുറച്ചുപേരെ നിരാശപ്പെടുത്തി'' -സുപ്രിയോ പ്രതികരിച്ചു.സുപ്രിയോ അമര്‍ഷത്തിലാണെന്ന് പലകുറി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ലോക്സഭ എം പിയായ സുപ്രിയോ എം പി സ്ഥാനവും രാജിവെക്കും. പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അനൂപ് ബിശ്വാസിനോട് പരാജയപ്പെട്ടിരുന്നു.
ഒന്നാം മോദി സര്‍ക്കാരിലും ബാബുല്‍ സുപ്രിയോ മന്ത്രിയായിരുന്നു. ബി ജെ പി ബംഗാള്‍ അധ്യക്ഷന്‍ ദിലിപ് ഘോഷുമായി സുപ്രിയോക്ക് നല്ല ബന്ധമല്ല ഉള്ളത്. ഗായക വേഷത്തില്‍ പ്രസിദ്ധനായ സുപ്രിയോ 2014ലാണ് ബി ജെ പിയിലെത്തിയത്.