ഷാഫി പറമ്പിലിനും വിഡി സതീശനും എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം
അഡ്മിൻ
സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ കോണ്‍ഗ്രസിനകത്ത് പടയൊരുക്കം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ വെട്ടി വി ഡി സതീശനെ നിയോഗിച്ചതോടെയാണ് ഐ ഗ്രൂപ്പിലെ രമേശ് അനുകൂല വിഭാഗം സതീശനെതിരെ രംഗത്തുവന്നത്.
കെ സുധാകരന് കെപിസിസി പ്രസിഡന്റായി എത്തിയതോടെ വീര്യം കുറഞ്ഞ ഗ്രൂപ്പുകള്‍ വീണ്ടും തലപൊക്കിത്തുടങ്ങിയ ലക്ഷണമാണ് കോണ്‍ഗ്രസില്‍. കഴിഞ്ഞ ദിവസം മലപ്പുറം ഡിസിസി അധ്യക്ഷസ്ഥാനത്ത് താല്കാലിക ചുമതലയുണ്ടായിരുന്ന ആര്യാടന് ഷൗക്കത്തിനെ മാറ്റി, കെപിസിസി ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞിയെ നിയമിച്ചതും ഗ്രൂപ്പ് നേതൃത്വങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എ ഗ്രൂപ്പ് ഒന്നടങ്കം രമേശ് ചെന്നിത്തലയെ അംഗീകരിച്ചപ്പോള്‍ സതീശനെ അനുകൂലിച്ചതോടെ ഷാഫി പറമ്പിലിനെതിരെയും എ ഗ്രൂപ്പില്‍ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും ഷാഫി പറമ്പിലിനെ മാറ്റണമെന്ന ആവശ്യത്തിന് പിന്നിലും ഇക്കൂട്ടരാണ്.
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പുറത്തുവന്ന ഒരു കുറിപ്പ് സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ചയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച സംസ്ഥാന കമ്മിറ്റി രാത്രി വരെ നീണ്ടിരുന്നു. കമ്മിറ്റി ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കമ്മിറ്റിയിലുടനീളം ചര്‍ച്ചയായതെന്ന് പറയുന്ന കുറിപ്പ് പുറത്തുവന്നു. ഇത് യഥാര്‍ത്ഥ മിനിട്സ് അല്ലായെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഒരു വിഭാഗം കരുതിക്കൂട്ടി പ്രചരിപ്പിച്ച സന്ദേശമാണിതെന്നാണ് നേതാക്കള്‍ പറയുന്നത്.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാടില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ഈ കുറിപ്പില്‍ പറയുന്നത്. ദേശീയ നേതൃത്വത്തെ കബളിപ്പിച്ചു, മലപ്പുറം ജില്ലയിലെ സീറ്റ് മറിച്ചുവിറ്റു, യൂത്ത് കോണ്‍ഗ്രസിന് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം എന്നിങ്ങനെയാണ് ഷാഫി പറമ്പിലിനെതിരെ കുറിപ്പില്‍ പറയുന്നത്. അതേസമയം ഷാഫി പറമ്പിലിനെതിരായ ആരോപണങ്ങളില്‍ എ ഗ്രൂപ്പിനേക്കാളേറെ ഐ ഗ്രൂപ്പിലെ ഭാരവാഹികളാണ് കമ്മിറ്റിയില്‍ ഷാഫിയെ അനുകൂലിച്ച് രംഗത്തെത്തിയതെന്നും യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ഭാരവാഹി പറഞ്ഞു.