മാനസയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കുചേർന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
കോതമംഗലത്തു വെടിയേറ്റ് കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിനി മാനസയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കുചേർന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. മാനസയെ വെടിവെച്ച രഖിലിന് തോക്ക് ലഭിച്ചത് ബീഹാറിൽ നിന്നാണെന്ന് സംശയിക്കുന്നുവെന്ന് മന്ത്രി മാനസയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിച്ചു. കൂടുതൽ അന്വേഷണത്തിനായി കേരളാ പൊലീസ് ഇന്നോ നാളെയോ ബിഹാറിലേക്കു പോകും. നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകമാണെന്നും മന്ത്രി വ്യക്തമാക്കി.
വെടിവെക്കാനുള്ള പരിശീലനവും അവിടെ നിന്ന് ഇയാള്‍ക്ക് ലഭിച്ചു. ഇതു സംബന്ധിച്ച എല്ലാം തെളിവുകളും പോലീസിന്‍റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തോക്ക് സംഘടിപ്പിക്കാനായി കഴിഞ്ഞ 12ന് രഖിൽ ബിഹാറിൽ പോയി. സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ബിഹാറിലെ ഉൾപ്രദേശത്ത് താമസിച്ചു. ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇതര സംസഥാന തൊഴിലാളിയില്‍ നിന്നാണ് അവിടെ നിന്നും തോക്ക് ലഭിക്കുമെന്ന വിവരം ലഭിച്ചതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
അതേസമയം മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. പയ്യാമ്പലം പൊതു ശ്മശാനത്തിലാണ് മാനസയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. ആത്മഹത്യ ചെയ്ത രഖിലിന്റെ മൃതദേഹം പന്തക്കപ്പാറ പൊതു ശ്മശാനത്തിലാണ് സംസ്കരിച്ചത്.