വീണ്ടും ലോക കേരളസഭ; മൂന്നാം എഡിഷന് ഒരു കോടി അനുവദിച്ച് സംസ്ഥാന സർക്കാർ
അഡ്മിൻ
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയായ ലോക കേരളസഭയുടെ മൂന്നാം എഡിഷന് സർക്കാർ ഒരു കോടി രൂപ അനുവദിച്ച് ഉത്തരവായി.
ഇതിൽ 37 ലക്ഷം രൂപ ഇവന്റ്മാനേജ്‌മെന്റിനും അതിഥികളുടെ താമസത്തിനും ഭക്ഷണത്തിനും വാഹനവാടകയ്ക്കുമായാണ് വകയിരുത്തിയിട്ടുള്ളത്. പബ്ലിസിറ്റിയ്ക്കായി പത്തുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ലോകകേരളസഭയിൽ ഉയർന്നു വന്ന നിർദേശങ്ങൾ നടപ്പാക്കാനായി 25 ലക്ഷം രൂപ മാറ്റിവയ്ക്കുന്നു.
സഭാ സ്റ്റാഫിനും ഇനി വേണ്ടിവരുന്ന ജീവനക്കാരുടെ ശമ്പളത്തിനും വേണ്ടിയാണ് 20 ലക്ഷം രൂപ മാറ്റിവച്ചിരിക്കുന്നത്. നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറുടെ അഭ്യർഥനയെ തുടർന്നാണ് തുക അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.