ചരിത്രം രചിച്ച് പി.വി സിന്ധു; ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം

വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം. ഒളിമ്പിക്‌സ് വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധു തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 21-13, 21-15

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണിത്. നേരത്തേ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ സ്വന്തമാക്കിയത്. സൈനാ നേവാളിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ബാഡ്മിന്റണില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.

2016 റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി താരം വെള്ളി നേടിയിരുന്നു. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന അപൂര്‍വമായ റെക്കോഡും സിന്ധു സ്വന്തമാക്കി.

ടൂര്‍ണമെന്റിലുടനീളം വിജയിച്ച മത്സരങ്ങളിലെല്ലാം സിന്ധു ഒറ്റ സെറ്റുപോലും വിട്ടുനല്‍കിയിട്ടില്ല എന്ന പ്രത്യേകതയുണ്ട്. അത് വെങ്കലമെഡലിനായുള്ള മത്സരത്തിലും കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചു.

01-Aug-2021