തുരങ്കപാത: കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി എഎ റഹീം

കുതിരാന്‍ തുരങ്കപാത തുറന്ന് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീം. എത്രയോ കാലമായി ഇഴഞ്ഞുനീങ്ങുകയായിരുന്ന കുതിരാന്‍ തുരങ്ക നിര്‍മ്മാണം ഒന്നാം പിണറായി സര്‍ക്കാരാണ് നിര്‍മ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടല്‍ നടത്തിയതെന്ന് എ എ റഹീം ചൂണ്ടിക്കാണിക്കുന്നു.

തുരങ്ക പാതയുടെ കാര്യത്തിൽ രണ്ടാം പിണറായി സര്‍ക്കാര്‍ അതേ താത്പര്യം തുടര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് അനുവാദമില്ലായിരുന്നു വി മുരളീധരനും മറുപടി നൽകിക്കൊണ്ടാണ് എഎ റഹീം രംഗത്തെത്തിയിട്ടുള്ളത്. തുരങ്കപാതയുടേത് കേന്ദ്ര പദ്ധതിയാണ്, തുറന്നുനൽകാൻ പറയാന്‍ ഞങ്ങള്‍ക്കേ അവകാശമുള്ളൂ. എന്നൊക്കെ കേന്ദ്ര മന്ത്രി പറഞ്ഞത് കേട്ടുവെന്നും അതെല്ലാം അനാവശ്യമായ വീരസ്യം പറയലാണെന്നും എഎ റഹീം പറഞ്ഞു.

മൂപ്പിളമ തര്‍ക്കം കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ഉന്നയിക്കുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണെന്നും അദ്ദേഹം പറഞ്ഞു. 'പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധികാരമേറ്റിട്ട് എഴുപത് ദിവസമായിട്ടുള്ളൂവെങ്കിലും ഇതിനിടെ അദ്ദേഹം മൂന്ന് തവണ കുതിരാൻ സന്ദർശിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മുഖ്യമന്ത്രിതന്നെ നേരിട്ട് ഉന്നതതല യോഗം ചേര്‍ന്നുവെന്നും വകുപ്പ് മന്ത്രി തന്നെ ഉന്നതതല യോഗങ്ങള്‍ തുടര്‍ച്ചയായി വിളിച്ചു ചേർത്തുവെന്നും എഎ റഹീം ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള ഇത്തരം ക്രിയാത്മകമായ ഈ ഇടപെടലുകളാണ് ഒരു തുരങ്കം നിശ്ചയിച്ചതിനും ഒരു ദിവസം മുന്‍പെങ്കിലും തുറക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാർ മുന്‍കൈ എടുക്കുന്നത് പ്രധാനമാണെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഇവിടുത്തെ സര്‍ക്കാരിന്റെ ഇച്ഛാശക്തിയും പ്രധാനമാണെന്നും എഎ റഹീം പറയുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം പ്രകടമായ ഗെയില്‍, ദേശീയപാതാ വികസനം തുടങ്ങി വ്യത്യസ്ത സന്ദര്‍ഭങ്ങളും എഎ റഹീം അടിവരയിട്ട് പറയുന്നു. ഈ പദ്ധതികളിൽ യുഡിഎഫ് കാണിച്ച അലംഭാവവും മെല്ലെപ്പോക്കും നമ്മള്‍ മറന്നിട്ടുമില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഭാവിയിലും കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ആവശ്യമാണ്. അതേ സമയം ലഭിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ സാധിക്കുന്ന ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറയുന്നു.

01-Aug-2021