ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണ് നമ്മുടെ നിലപാട്: മന്ത്രി വി ശിവൻകുട്ടി

നമ്മുടെ പൊതു വിദ്യാഭ്യാസ രംഗം കോവിഡ് മഹാമാരിക്കാലത്തും അതിന്റെ ശക്തിതെളിയിച്ച് മുന്നോട്ടുപോവുകയാണ്. പൊതുവിദ്യാഭ്യാസ മേഖലയുടെ ജനകീയ അടിത്തറയാണ് നമ്മുടെ ശക്തി. സ്‌കൂള്‍ പ്രാപ്യത, പഠന തുടര്‍ച്ച എന്നീ കാര്യങ്ങളില്‍ രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നോട്ടു പോകാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പ്രീ പ്രൈമറി പഠനം ആരംഭിച്ച് പന്ത്രണ്ടാം ക്ലാസ് വരെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിന് തൊട്ടടുത്താണ് നമ്മള്‍.

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് നമ്മുടേത്. അറിവ് ആര്‍ജിക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമാണ്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അടിയുറച്ച് സമൂഹത്തെ വളര്‍ത്തി കൊണ്ടുവരിക, സാമൂഹ്യനീതിയിലധിഷ്ഠിതമായ ഗുണമേന്മാ വിദ്യാഭ്യാസം ആണ് നമ്മുടെ ലക്ഷ്യം. വികസിതമായ പ്രദേശങ്ങളില്‍ ലഭിക്കുന്ന വിദ്യാഭ്യാസം നമ്മുടെ കുട്ടികള്‍ക്കും ലഭിക്കണം.


നമ്മുടെ സ്‌കൂള്‍ ക്യാമ്പസുകള്‍ അവിടെ എത്തുന്ന ഓരോ കുട്ടിക്കും അവകാശപ്പെട്ടതാണ്. അത്തരമൊരു അവകാശബോധം കുട്ടികള്‍ക്ക് ഉണ്ടാകണമെങ്കില്‍ ഓരോ കുട്ടിയുടെയും കഴിവും അഭിരുചിയും താല്‍പര്യവും കണ്ടെത്തി അവയെ ഏറ്റവും ഉന്നതിയില്‍ ഉപയോഗിക്കുന്ന ഇടങ്ങളായി സ്‌കൂളുകള്‍ മാറണം. അങ്ങനെ മാറുന്നതിന് നിലവിലെ സ്‌കൂള്‍ ഘടനയില്‍ ഇനിയും പരിമിതികള്‍ ഉണ്ട് എന്നാണ് പൊതുവേ ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായം. ഇക്കാര്യങ്ങള്‍ എല്ലാം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രൊഫസര്‍ എം എ ഖാദര്‍ അധ്യക്ഷനായി ഒരു വിദഗ്ധ സമിതിയെ 2017 ഒക്ടോബറില്‍ നിയോഗിക്കുകയുണ്ടായി. സമിതി 2019 ജനുവരിയില്‍ സമിതിയുടെ ആദ്യഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായി വരുത്തേണ്ട മാറ്റങ്ങള്‍ ആണ് പ്രധാനമായും ശുപാര്‍ശ ചെയ്തത്. നിലവിലുള്ള ഘടനയില്‍ പ്രധാനപ്പെട്ട പോരായ്മയായി റിപ്പോര്‍ട്ട് കണ്ടെത്തിയത് സ്‌കൂള്‍ വിദ്യാഭ്യാസം വ്യത്യസ്തങ്ങളായ ഡയറക്ടര്‍മാരുടെ കീഴിലാണ് എന്നുള്ളതാണ്.

പത്താംക്ലാസ് വരെ ഹയര്‍സെക്കന്‍ഡറി എന്നിങ്ങനെയാണ് അത്. ഡയറക്ടര്‍ വോക്കേഷണല്‍ ഡിപിഐ, 11, 12 ക്ലാസുകള്‍ക്ക് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍, വൊക്കേഷ്ണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ എന്നിങ്ങനെയാണത്. ഇതിന്റെ തുടര്‍ച്ചയായി ഒരേ ക്യാംപസില്‍ തന്നെ വിവിധ ഡയറക്ടര്‍മാരുടെ കീഴിലുള്ള വിവിധ സ്ഥാപന മേധാവികള്‍ നിലനില്‍ക്കുന്നു. ഇവര്‍ തമ്മില്‍ ഉണ്ടാകുന്ന തര്‍ക്കം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് പ്രധാനപ്പെട്ട ഒരു പരിമിതിയായി മാറുന്നു. ഒരു ക്യാമ്പസില്‍ തന്നെ വ്യത്യസ്ത സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്നത് വിഭവങ്ങള്‍ പങ്കുവെക്കുന്നതിനും വിഭവങ്ങളുടെ മികച്ച നിലയിലുള്ള വിനിയോഗത്തിനും തടസ്സമായി പലപ്പോഴും മാറുന്നു. ഇങ്ങനെയുണ്ടാകുന്ന തര്‍ക്കങ്ങള്‍ ആത്യന്തികമായി ബാധിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെ ആണ്.

ലാബുകളുടെയും കെട്ടിടങ്ങളുടേയും കളിയിടങ്ങളുടെയും ലൈബ്രറികളുടെയും സ്‌കൂള്‍ വിനിയോഗം പലപ്പോഴും നിലനില്‍ക്കുന്ന അധികാര തര്‍ക്കങ്ങള്‍ മൂലം വേണ്ട നിലയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ സംജാതമാകുന്നു. വിവിധ ഡയറക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളില്‍ പലപ്പോഴും വൈവിധ്യം ഉണ്ടാകുന്ന അവസ്ഥയുണ്ടാകുന്നു. ഇതെല്ലാം ഒഴിവാക്കാന്‍ വിദഗ്ദ്ധ സമിതി മുന്നോട്ടുവച്ച നിര്‍ദേശങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളെ ഏകോപിച്ച് ഒരു ഡയറക്ടറുടെ കീഴില്‍ കൊണ്ടുവരണം എന്നുള്ളതും ഒരു സ്‌കൂള്‍ ക്യാമ്പസില്‍ ഒരു സ്ഥാപനമേധാവി ഉണ്ടാകണമെന്നതും.

വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. അതിന്റെ ഭാഗമായി 2019 മെയ് മാസം സര്‍ക്കാര്‍ ഉത്തരവിലൂടെ ഡിപിഐ, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ ഏകോപിപ്പിച്ച് മുഴുവന്‍ സ്ഥാപനങ്ങളെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിധിയില്‍ കൊണ്ടുവന്നു.

വിദ്യാഭ്യാസ രംഗത്തെ വിവിധ ഡയറക്ടറേറ്റുകള്‍ ഏകോപിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റിന്റെ പരിധിയില്‍ കൊണ്ടു വന്ന കാര്യവും, ഒരു ക്യാമ്പസ്സിലുള്ള സെക്കന്ററി, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ ഒരു സ്ഥാപന മേധാവിയുടെ പരിധിയില്‍ കൊണ്ടു വന്ന കാര്യവും നിയമഭേദഗതിയിലൂടെ കേരള വിദ്യാഭ്യാസ നിയമത്തിന്റെ ഭാഗമാക്കി ഇതിനകം മാറ്റിയിട്ടുണ്ട്.

ഇനി ഇത് പ്രായോഗികമാകുന്നതിനുള്ള ചട്ടങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. അത്തരം ചട്ട രൂപീകരണം എത്രയും വേഗം നടപ്പാക്കും. അതിന് വേണ്ട നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ പാസാക്കിയ നിയമത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ക്കൊപ്പം വിദഗ്ധസമിതിയുടെ ഒന്നാം ഭാഗം റിപ്പോര്‍ട്ടില്‍ സ്‌കൂള്‍ ഘടനയെ കുറിച്ച് പറഞ്ഞ മറ്റ് കാര്യങ്ങളും പരിഗണിക്കും. ഇങ്ങിനെ ഏകീകരണം നടത്തുമ്പോള്‍ നിലവിലുള്ള അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിനോ മറ്റോ യാതൊരു തരത്തിലുള്ള കുറവുകളും ഉണ്ടാകില്ല.

കേരള രൂപീകരണത്തിന് ശേഷം ഒന്നാം ഇ എം എസ് സര്‍ക്കാറിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുണ്ടശ്ശേരി മാസ്റ്റര്‍ അവതരിപ്പിച്ച വിദ്യാഭ്യാസ നിയമത്തിന്റെ ഗുണഫലം അനുഭവിച്ചവരാണ് കേരളീയരെല്ലാവരും. അതിന്റെ ഭാഗമായി രൂപീകൃതമായ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ കാലാകാലങ്ങളില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. മാറുന്ന വിദ്യാഭ്യാസ ആവശ്യകതയ്ക്ക് അനുസരിച്ച് നിയമങ്ങളിലും ഭേദഗതികള്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ പരിവര്‍ത്തനങ്ങള്‍ സ്വാഭാവികമാണ്; അനിവാര്യവുമാണ്. ഇങ്ങിനെ പരിവര്‍ത്തനം ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന അഭിപ്രായങ്ങള്‍ മാത്രമാണ് ഇതിന്റെ ഭാഗമായി ഇപ്പോള്‍ ഉണ്ടാകുന്നത്.

അതുകൊണ്ട് സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവരുടെയും സഹകരണം കാലോചിതമായി അനിവാര്യമായ മാറ്റങ്ങള്‍ക്കുണ്ടാകണം.

അധ്യാപക യോഗ്യതയും പരിശോധനയ്ക്ക് വിധേയമാകണം. അറിവിന് നിര്‍ണ്ണായക സ്വാധീനമുള്ള ലോക ക്രമത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ഏറ്റവും അവസാനത്തെ അറിവുപോലും ശേഖരിച്ച് സ്വന്തം അറിവാക്കി മാറ്റാനുള്ള അറിവും കഴിവും നമ്മുടെ കുട്ടികള്‍ക്ക് അനിവാര്യമാണ്. അങ്ങിനെ ചെയ്യണമെങ്കില്‍ അധ്യാപകരുടെ അറിവിന്റെ തലവും വികസിക്കണം. 8 മുതല്‍ 12 വരെയുള്ള സെക്കന്ററി ഘട്ടത്തിലെ അധ്യാപക യോഗ്യത ബിരുദാനന്തര ബിരുദമാക്കേണ്ടിവരും. അപ്പര്‍ പ്രൈമറിയില്‍ ബിരുദമെങ്കിലും ചുരുങ്ങിയ യോഗ്യതയാക്കി മാറ്റേണ്ടിവരും. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണ് നമ്മുടെ നിലപാട്. ഇതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല.

പൊതു ഇടമായ പൊതു വിദ്യാലയങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരവാദിത്തവും ബാധ്യതയും എത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 9.34 ലക്ഷം കുട്ടികള്‍ സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നും പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റിച്ചേര്‍ന്നിട്ടുണ്ട്. അങ്ങിനെ പൊതുവിദ്യാലയങ്ങളിലെത്തുന്ന മുഴുവന്‍ കുട്ടികളുടെയും പ്രതീക്ഷകളെ അഭിമുഖീകരിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. ഈ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഇപ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് വരുത്തുന്ന ഘടനാപരമായ മാറ്റങ്ങള്‍. ഇതിന് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ മന്ത്രി അഭ്യര്‍ഥിച്ചു.

27-Dec-2021