കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ ഇളവു നല്‍കും; കേന്ദ്ര ബജറ്റ് പ്രവചിച്ചു തോമസ് ഐസക്
അഡ്മിൻ
കേന്ദ്ര സർക്കാരിന്റെ പുതിയ ബജറ്റ് പ്രവചിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. 2022-23ലേയ്ക്ക് എന്താണ് ചെയ്യേണ്ടതെന്നും ബജറ്റില്‍ നടക്കാന്‍ എന്താണ് സാധ്യതയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. 2021-22-ല്‍ 9.2 ശതമാനം വളര്‍ച്ചയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കോവിഡ് മൂന്നാം വ്യാപനംകൊണ്ട് ഇത് കുറച്ചുകൂടി മന്ദഗതിയിലാവാനാണ് സാധ്യത.
എന്നിരുന്നാലും വീണ്ടെടുപ്പ് അവിതര്‍ക്കിതമാണ്. ഇതിനെ ശക്തിപ്പെടുത്തുക എന്നതായിരിക്കണം കേന്ദ്ര ബജറ്റിന്റെ മുഖ്യലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇളവ് നല്‍കുകയും 2 ലക്ഷം കോടി രൂപയുടെയെങ്കിലും പൊതുമേഖല വില്‍ക്കുകയുമാകും ബജറ്റില്‍ നടക്കുകയെന്ന് അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
2022-23-ലേയ്ക്കുള്ള കേന്ദ്ര ബജറ്റ് എന്താണു ചെയ്യേണ്ടത്?
സാമ്പത്തിക സ്ഥിതിഗതികളെ സ്വാധീനിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് ബജറ്റ്. കോവിഡ് കഴിഞ്ഞ് വീണ്ടെടുപ്പിന്റെ പാതയിലാണു സമ്പദ്ഘടന. 2021-22-ല്‍ 9.2 ശതമാനം വളര്‍ച്ചയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കോവിഡ് മൂന്നാംവ്യാപനംകൊണ്ട് ഇത് കുറച്ചുകൂടി മന്ദഗതിയിലാവാനാണ് സാധ്യത. എന്നിരുന്നാലും വീണ്ടെടുപ്പ് അവിതര്‍ക്കിതമാണ്. ഇതിനെ ശക്തിപ്പെടുത്തുക എന്നതായിരിക്കണം കേന്ദ്ര ബജറ്റിന്റെ മുഖ്യലക്ഷ്യം.
ഇതിനായി അടുത്ത വര്‍ഷവുംകൂടി ഉയര്‍ന്ന കമ്മി നിലനിര്‍ത്തണം. ചെലവ് ഉയര്‍ത്തണം. പ്രത്യേകിച്ച് പശ്ചാത്തലസൗകര്യത്തിനു വേണ്ടിയുള്ള മൂലധനനിക്ഷേപം. വളര്‍ച്ച 9 ശതമാനത്തിലേറെയുണ്ടെങ്കിലും ഇതിന്റെ നേട്ടം എല്ലാവര്‍ക്കും ഒരുപോലെ അല്ല ലഭിക്കുന്നത്. അതിസമ്പന്നരായ 1 ശതമാനം കുടുംബങ്ങളുടെ വരുമാനം 53 ശതമാനം ഉയര്‍ന്നപ്പോള്‍ താഴേത്തട്ടിലെ 50 ശതമാനം വരുന്ന സാധാരണക്കാരുടെ വരുമാനം 35 ശതമാനം ഇടിഞ്ഞൂവെന്നാണ് കണക്ക്.
കഴിഞ്ഞ ദശാബ്ദത്തിലെ പ്രവണത തുടരുമെന്നുള്ള അനുമാനത്തില്‍ അതിസമ്പന്നരായ 1 ശതമാനത്തിന്റെ കൈയ്യിലായിരിക്കും രാജ്യത്തെ സ്വത്തിന്റെ 50 ശതമാനം. പാവപ്പെട്ട 50 ശതമാനത്തിന്റെ സ്വത്ത് വിഹിതം കേവലം 2.5 ശതമാനം ആയിരിക്കും. അതുകൊണ്ടാണ് പല വിദഗ്ദരം ഇന്നത്തെ വീണ്ടെടുപ്പിനെ K അക്ഷരമാതൃകയിലുള്ള വീണ്ടെടുപ്പെന്നു വിശേഷിപ്പിക്കുന്നത്.
ഇതിനുള്ള പ്രതിവിധി അതിസമ്പന്നരായ 1 ശതമാനത്തിന്റെ വരുമാനത്തിന്റെ കൂടുതല്‍ ഭാഗം നികുതിയായി പിരിച്ച് പാവപ്പെട്ടവര്‍ക്കു നല്‍കുകയാണ്. ഒന്ന്) വെട്ടിക്കുറച്ച കോര്‍പ്പറേറ്റ് ടാക്‌സ് പുനസ്ഥാപിക്കുക. സ്വത്ത് നികുതി ഏര്‍പ്പെടുത്തുക. സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കിക്കൊണ്ട് ജി.എസ്.ടി പുനസംഘടിപ്പിക്കുക. രണ്ട്) തൊഴിലുറപ്പിന്റെ വിഹിതം ഇരട്ടിയാക്കുക. കോവിഡ് കാലത്ത് എടുത്ത ഉപഭോഗവായ്പകളുടെയും ചെറുകിട വ്യവസായ വായ്പകളുടെയും പലിശ സര്‍ക്കാര്‍ ഏറ്റെടുക്കുക. ആരോഗ്യ പരിപാലനത്തിനുള്ള ചെലവ് ഇരട്ടിയാക്കുക. പാവങ്ങളെ സഹായിക്കാന്‍ ഇനിയും പലതുമാകാം. തല്‍ക്കാലം ഇവിടെ നില്‍ക്കട്ടെ.
മൂന്ന്) മറ്റൊരു ഗൗരവമായ പ്രശ്‌നം വിലക്കയറ്റമാണ്. ഇതുപേടിച്ചാണ് കമ്മി കുറയ്ക്കണമെന്നു ചിലര്‍ വാദിക്കുന്നത്. എന്നാല്‍ വീണ്ടെടുപ്പിന്റെ കാലത്ത് ചെലവ് വര്‍ദ്ധിപ്പിക്കണമെന്നല്ലേ മുന്‍പ് പറഞ്ഞത്. അതുകൊണ്ട് വിലക്കയറ്റം പിടിച്ചു കെട്ടാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേലുള്ള കേന്ദ്ര നികുതികള്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്ന കാലത്തുണ്ടായ നിലയിലേക്ക് കുറയ്ക്കണം.
എന്താണ് ബജറ്റില്‍ നടക്കാന്‍ സാധ്യത?
മേല്‍പ്പറഞ്ഞവയൊന്നും ആയിരിക്കില്ല. കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ ഇളവു നല്‍കും. എങ്കിലേ നിക്ഷേപം വര്‍ദ്ധിക്കൂ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. അപ്പോള്‍ വരുമാനത്തിന് എന്തു ചെയ്യും? 2 ലക്ഷം കോടി രൂപയുടെയെങ്കിലും പൊതുമേഖല വില്‍ക്കും. പെട്രോള്‍-ഡീസല്‍ നികുതിയും കുറയ്ക്കാന്‍ പോകുന്നില്ല. ഈയൊരു സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് കൂടുതലായി എന്തെങ്കിലും സംരക്ഷണം കിട്ടുമെന്നും പ്രതീക്ഷിക്കാന്‍ വയ്യ. അല്ലെങ്കില്‍ യുപി ഇലക്ഷനില്‍ കണ്ണുവച്ച് എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാവണം.
29-Jan-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ