വളരെ അടിയന്തിരമായി ഓർഡിനൻസ് കൊണ്ടുവരികയും ഏതുവിധേനയും ലോകായുക്ത നിയമത്തിലെ പതിന്നാലാം വകുപ്പ് പ്രയോഗിക്കപ്പെടുന്ന സാഹചര്യം ഇല്ലായ്മ ചെയ്യുകയെന്നതായിരുന്നു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഓരോ ഘട്ടത്തിലും സിപിഎമ്മിന്റെ മികച്ചൊരു രാഷ്ട്രീയ നീക്കമാണ് ലോകായുക്ത ഓർഡിനൻസിന്റെ കാര്യത്തിൽ കണ്ടത്.
കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഇടതുപക്ഷ ചരിത്രകാരൻ ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ലോകായുക്ത സിപിഎമ്മിനു മുന്നിൽ പ്രതിസന്ധിയായി വന്നത്. 1999ലെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും വരെ ഇളവ് നൽകുന്നില്ല. കുറ്റക്കാരെന്ന് ലോകായുക്ത കണ്ടെത്തിയാൽ വിധി അതേപടി അംഗീകരിച്ച് അധികാര സ്ഥാനത്ത് നിന്ന് നീക്കണം. ഈ വ്യവസ്ഥയെ എതിർക്കുന്നവർ നിരവധി പേരുണ്ട്.
മന്ത്രി ബിന്ദുവിന്റെ കാര്യത്തിൽ സിപിഎമ്മിനോട് വിയോജിപ്പുള്ളവർ പോലും ലോകായുക്തയ്ക്ക് കൊടുത്തിരിക്കുന്നത് അമിതാധികാരമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇവരെല്ലാം ഓർഡിനൻസിറക്കാനുള്ള സിപിഎമ്മിന്റെ തിടുക്കത്തോട് ശക്തമായി വിയോജിക്കുകയാണ് ചെയ്തത്. ലോകായുക്തയുടെ വിധി തള്ളാനുള്ള അധികാരമാണ് ഇപ്പോൾ സർക്കാരിന് കൈവന്നിരിക്കുന്നത്. ലോകായുക്തയിൽ ഇനി രമേശ് ചെന്നിത്തലയുടെ പുനപ്പരിശോധനാ ഹരജി ചെല്ലുന്നതിൽ വലിയ കാര്യമൊന്നുമില്ലെന്ന സ്ഥിതി വന്നിരിക്കുന്നു.
പല യുദ്ധമുഖങ്ങൾ തുറന്നാണ് സിപിഎം ഈ രാഷ്ട്രീയ നീക്കം നടത്തിയത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ ലക്ഷ്യം വെച്ച് മുൻമന്ത്രി കെടി ജലീൽ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയ ആക്രമണമായിരുന്നു അവയിലൊന്ന്. ഇതൊരു സായുധനീക്കം തന്നെയായിരുന്നു. നിരവധി രേഖകളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിശ്വാസ്യതയെ കെടി ജലീൽ ചോദ്യം ചെയ്തു.
ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളെ പിരിച്ചുവിടാൻ പൂർണമെന്നു പോലും വിളിക്കാൻ കഴിയാത്ത, നിരവധി ദൗർബല്യങ്ങളുള്ള ഒരു ജുഡീഷ്യൽ സംവിധാനത്തിന് സാധിക്കുന്നുവെന്നതിലെ ജനാധിപത്യ വിരുദ്ധത ചൂണ്ടിക്കാട്ടിയുള്ള പ്രചാരണമായിരുന്നു സിപിഎമ്മിന്റെ ആയുധം. ഇതിന് പിന്തുണ സൃഷ്ടിച്ചെടുക്കാൻ സിപിഎമ്മിന് സാധിച്ചു. കക്ഷിരാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷത പുലർത്തുന്ന എൻഎസ് മാധവനെപ്പോലുള്ള സാംസ്കാരിക പ്രവർത്തകരുടെ പിന്തുണ ഇക്കാര്യത്തിൽ ലഭിച്ചു.