യദിയൂരപ്പയുടേത് അനിവാര്യമായ പതനം.
അഡ്മിൻ
ബംഗളുരു : സഭയുടെ വിശ്വാസം തേടുംമുമ്പേ രാജിവച്ച ബി എസ് യദിയൂരപ്പ മുഖ്യമന്ത്രിക്കസേരയിലിരുന്നത് വെറും 56 മണിക്കൂര്‍. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ സമയം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന വ്യക്തികളില്‍ രണ്ടാമതും ഇടംപിടിച്ചു. ഇത്തവണ 17ന് രാവിലെ സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം 19ന് വൈകിട്ട് 4.03ന് രാജിവച്ചു. നേരത്തെ 2007ല്‍ ഏഴുദിവസം മാത്രം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നുവെന്ന 'ചരിത്രവും' യദിയൂരപ്പയ്ക്ക് സ്വന്തം.1968ല്‍ സതീഷ്പ്രസാദ്സിങ് (ബിഹാര്‍), 1998ല്‍ ഉത്തര്‍പ്രദേശില്‍ ജഗദബികാപാല്, 2016 ഏപ്രിലില്‍ ഹരീഷ് റാവത്ത് (ഉത്തരാഖണ്ഡ്) എന്നിവരാണ് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ സമയം മുഖ്യമന്ത്രിമാരായിരുന്നവര്‍.
വിശ്വാസ വോട്ടെടുപ്പിനുമുമ്പേയുള്ള യദിയൂരപ്പയുടെ രാജി ബിജെപിയുടെ പണാധിപത്യ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയായി. നീക്കങ്ങളെല്ലാം പാളിയതോടെ തികച്ചും അപമാനിതനായി യെദ്യൂരപ്പയ്ക്ക് പടിയിറങ്ങേണ്ടിവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും നേരിട്ട് നടത്തിയ കുതന്ത്രങ്ങളെല്ലാം ചീറ്റിയതാണ് നാണംകെട്ടുള്ള രാജിയിലേക്ക് നയിച്ചത്. അഴിമതിക്കെതിരെ പ്രസംഗിച്ച് ബിജെപി നേതൃത്വത്തിലെത്തിയ യദിയൂരപ്പ ഒടുവില്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ മുങ്ങിയാണ് 10 വര്‍ഷംമുമ്പ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. കുത്സിതനീക്കങ്ങളിലൂടെ വീണ്ടും അധികാരത്തിലേറാനുള്ള ശ്രമം 10 വര്‍ഷങ്ങള്‍ക്കിപ്പുറം ഫലം കാണാതായതോടെ സത്യപ്രതിജ്ഞ ചെയ്ത് 56ാം മണിക്കൂറില്‍ പടിയിറങ്ങിയതിന്റെ നാണക്കേടിലേക്കും ബിജെപിയെ കൊണ്ടുചെന്നെത്തിച്ചു.
ബിജെപി അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രിയാകുമെന്ന് യദിയൂരപ്പ നേരത്തെ അവകാശപ്പെട്ടിരുന്നു. 19ന് വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നും ആഹ്ലാദപ്രകടനത്തിന് ഒരുങ്ങിനില്‍ക്കാനും ആഹ്വാനം ചെയ്ത യദിയൂരപ്പ്ക്ക് ഗത്യന്തരമില്ലാതെ പടിയിറങ്ങേണ്ടിവന്നു. കോടികള്‍ മുടക്കിയും ഭീഷണിപ്പെടുത്തിയും പ്രതികാരനടപടിയെടുത്തും അധികാരം പിടിച്ചെടുക്കാമെന്ന ധാര്‍ഷ്ട്യം ഫലം കാണില്ലെന്ന് ഉറപ്പായതോടെ സഹതാപം ഉയര്‍ത്താനും ശ്രമിച്ചു. പകല്‍ 11ന് സഭ ചേര്‍ന്നപ്പോള്‍ പുഞ്ചിരിയോടെ കടന്നുവന്ന യദിയൂരപ്പ പിരിയുമ്പോള്‍ തികച്ചും അവശനായിരുന്നു. ബിജെപിയുടെ ദക്ഷിണേന്ത്യയിലെ കരുത്തനായ നേതാവെന്ന് അവകാശപ്പെടുന്ന യദിയൂരപ്പയുടെ ദയനീയമുഖം ഇതിനുമുമ്പ് പ്രകടമായത് ഭൂമി കുംഭകോണക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍. സഭ രണ്ടാമതും ചേര്‍ന്നപ്പോള്‍ സഭയിലെത്തിയ 'ബി എസ് വൈ' മുഖത്തൊരു പുഞ്ചിരി വരുത്താന്‍ ശ്രമിച്ചു. ബിജെപി അംഗങ്ങളെ നോക്കി ദയനീയമായി കൈയുയര്‍ത്തിയ അദ്ദേഹം വിഷണ്ണഭാവത്തോടെയാണ് വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ എഴുന്നേറ്റത്.മുന്‍കൂട്ടി തയ്യാറാക്കിയ 13 പേജ് പ്രസംഗം 13 മിനിറ്റ് എടുത്ത് വായിക്കുമ്പോള്‍ പലപ്പോഴും അദ്ദേഹം ഗദ്ഗദകണ്ഠനായിഭരണം നിലനിര്‍ത്താന്‍ നടത്തിയ നീക്കങ്ങളെല്ലാം പാളിയതിലും എംഎല്‍എമാരെ പണം നല്കി സ്വാധീനിക്കാനുള്ള സംഭാഷണം പുറത്തുവന്നതുമെല്ലാം യദിയൂരപ്പയെ തളര്‍ത്തി.
മുന്തവണത്തെപ്പോലെ ഓപ്പറേഷന് കമലയിലൂടെ കോടികള്‍ വാരിയെറിഞ്ഞ് എംഎല്‍എമാരെ സ്വന്തമാക്കാനുള്ള നീക്കം തിരിഞ്ഞുകുത്തിയതോടെയാണ് ബിജെപി പ്രതിരോധത്തിലായത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വന്തമാക്കാന്‍ ശ്രമം നടത്തി. ഇതിനായി ഖനിമാഫിയ തലവന്‍ ജനാര്‍ദനറെഡ്ഡി അടക്കമുള്ളവരെ രംഗത്തിറക്കി. പലതവണ ദൂതന്മാര് മുഖേന എംഎല്‍എമാരുമായി വിലപേശി. കേവല ഭൂരിപക്ഷമായ 111 എന്ന സംഖ്യ ഒപ്പിക്കാന്‍ മന്ത്രിപദവിയും 100 കോടി രൂപയും വാഗ്ദാനം ചെയ്തു. എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപി കേന്ദ്രനേതാക്കള്‍തന്നെ രംഗത്തുവന്നതോടെ ഇവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു ജെഡിഎസ്, കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് എംഎല്‍എ ബസണ്ണഗൗഡ ദഡ്ഡാലയെ സ്വാധീനിക്കാന്‍ ജനാര്‍ദനറെഡ്ഡി ശ്രമിച്ചതിനുപിന്നാലെ യദിയൂരപ്പതന്നെ നേരിട്ട് മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ ബി സി പാട്ടീലിന് ക്യാബിനറ്റ് മന്ത്രിപദവി വാഗ്ദാനം ചെയ്തു. ഇവര്‍ക്കുപുറമെ ബിജെപി കേന്ദ്രനേതാക്കളും ശ്രീരാമലു അടക്കമുള്ളവരും പണം വാഗ്ദാനം ചെയ്തെങ്കിലും ഇതും ഫലം കണ്ടില്ല. എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങളുടെ നാല് ഓഡിയോ ടേപ്പാണ് ഇതിനകം പുറത്തുവന്നത്. നേരത്തെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ ഭീഷണിപ്പെടുത്തി ഒപ്പം നിര്‍ത്തിയെങ്കിലും അവസാന നിമിഷം ഇതും ഫലംകണ്ടില്ല. വിശ്വാസ വോട്ടെടുപ്പ് സമയത്ത് വടക്കന്‍ കര്‍ണാടകത്തില്‍നിന്നുള്ള കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ സഭയില്‍ എത്തിക്കാതിരിക്കാനുള്ള ശ്രമവും നടത്തി. എല്ലാം പരാജയപ്പെട്ടപ്പോള്‍ ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ ആത്മവിശ്വാസത്തിന്റെ ബലൂണ്‍ പൊട്ടി. യദിയൂരപ്പ രാജി വെച്ചു.
20-May-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ