എണ്ണവില കുറയ്ക്കില്ല, കേന്ദ്രസര്‍ക്കാര്‍ ഇനിയും വില കൂട്ടും
അഡ്മിൻ
തിരുവനന്തപുരം: രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും പെട്രോളിനും ഡീസലിനും വില ഇന്നും കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 38 പൈസയും ഡിസലിന് 24 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പെട്രോള്‍ വില 82 രൂപയും ഡീസല്‍ വില 74.60 രൂപയുമായിരിക്കയാണ്. ഈ മാസം 15ന് ശേഷമാണ് രാജ്യത്ത് ഇന്ധനവിലയില്‍ കാര്യമായ വ്യത്യാസം കണ്ടു തുടങ്ങിയത്. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ പെട്രോളിന് 3.39 രൂപയാണ് വര്‍ദ്ധിച്ചത്. ഡീസലിന് 3.8 രൂപയും കൂടി.
അതേ സമയം രാജ്യത്തെ സാധാരണക്കാരെ ദുരിതത്തിലാക്കി ഇന്ധനവില കുതിച്ചുയരുമ്പോഴും പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാരുള്ളത്. തീരുവ കുറയ്ക്കാന്‍ കഴിയില്ലെന്നും ഇന്ധനവിലക്കയറ്റം നിയന്ത്രിക്കാന്‍ വേറെ വഴി നോക്കണമെന്നുമാണ് ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചത്. എക്സൈസ് തീരുവ കുറഞ്ഞാല്‍ രാജ്യത്തെ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ പറ്റില്ലെന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രതികരിച്ചത്. മോഡി സര്‍ക്കാര്‍ സാമ്പത്തികമായി പിടിച്ചുനില്‍ക്കാനുള്ള മാര്‍ഗമായി ഇന്ധന എക്സൈസ് തീരുവയെ മാത്രം ആശ്രയിക്കുന്നതിന്റെ ഗതികേടാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. കേന്ദ്രം ചെലവുകള്‍ക്കായുള്ള തുക കണ്ടെത്തുന്നത് എക്സൈസ് തീരുവയില്‍നിന്നാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 3.9 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ ശേഖരിച്ചത്. ഈ വര്‍ഷം 1.7ലക്ഷം കോടി രൂപയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. 5.6 ലക്ഷംകോടി രൂപയാണ് പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവയില്‍നിന്ന് അധിക വരുമാനമായി കേന്ദ്രത്തിന് ലഭിക്കുക.
2013-14ല്‍ ഇന്ധന തീരുവയിനത്തില്‍ കേന്ദ്ര വരുമാനം 88,600 കോടി രൂപയായിരുന്നു. അത് 2014-15ല്‍ 1,05,653 കോടി രൂപയായും 2015-16ല്‍ 1,85,958 കോടിയായും 2016-17ല്‍ 2,53,254 കോടിയായും വര്‍ധിപ്പിച്ചു. ഇതിനിടയില്‍ അസംസ്കൃത എണ്ണയുടം വിലകുറഞ്ഞതൊന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല. ഈ സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ 2,57,850 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു.
ഒരു ലിറ്റര്‍ പെട്രോളിന് 2014 ഏപ്രിലില്‍ എക്സൈസ് തീരുവ 9.48 രൂപയായിരുന്നു. മോഡിസര്‍ക്കാര്‍ തീരുവ ഒമ്പതു പ്രാവശ്യം കൂട്ടി. ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ തീരുവ 21.48 രൂപയാണ്. ഡീസല്‍ ലിറ്ററിന് 2014ല്‍ 3.65 രൂപ തീരുവ ഉണ്ടായിരുന്നത് ഇപ്പോള്‍ 17.33 രൂപയായി ഉയര്‍ത്തി. എണ്ണക്കമ്പനികളുടെ സമ്മര്‍ദ്ദവും കേന്ദ്രസര്‍ക്കാര്‍ അഭിമുഖീകരിക്കുന്നുണ്ട് എന്നാണ് സര്‍ക്കാര്‍ വക്താക്കള്‍ പറയുന്നത്.
പെട്രോള്‍ഡീസല്‍ വില കുറച്ചാല്‍ എണ്ണക്കമ്പനികള്‍ പാപ്പരാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. നിലവില്‍ രാജ്യത്തെ എല്ലാ എണ്ണക്കമ്പനികളും വന്‍ലാഭത്തിലാണ്. പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭവിഹിതവും കേന്ദ്രസര്‍ക്കാരിനു ലഭിക്കുന്നുണ്ട്.
25-May-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ