ഉപതെരഞ്ഞെടുപ്പുകളിലെ കേരളം
അഡ്മിൻ
കേരള ചരിത്രത്തിലെ 43ാമത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പായിരുന്നു ചെങ്ങന്നൂരിലേത്. ഉപതിരഞ്ഞെടുപ്പുകളില്‍ നിയമസഭയിലേക്ക് ഇടതുപക്ഷത്തിനൊപ്പം ചാഞ്ഞ് സഞ്ചരിക്കാനായിരുന്നു മിക്കപ്പോഴും കേരളത്തിന് താല്പര്യം. 1958 മെയ് 16നായിരുന്നു കേരള ചരിത്രത്തിലെ ആ ആദ്യ ഉപതിരഞ്ഞെടുപ്പ്.
കേരളരാഷ്ട്രീയത്തില്‍ സവിശേഷമായ സ്ഥാനമുള്ള റോസമ്മ പുന്നൂസായിരുന്നു (സിപിഐ)ആദ്യ ഉപതിരഞ്ഞെടുപ്പിലെ വിജയി. കേരള നിയമസഭാംഗമായി 1957 ഏപ്രില്‍ 10ന് ആദ്യം സത്യപ്രതിജ്ഞ ചെയ്ത റോസമ്മ പുന്നൂസിന് കോടതിവിധിയിലൂടെ എംഎല്‍എ സ്ഥാനം നഷ്ടമായതിനെത്തുടര്‍ന്നാണ് അന്ന് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ദേവീകുളം ജനറല്‍ സീറ്റില്‍ നിന്ന് 7089 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് റോസമ്മ പുന്നൂസ് തന്റെ സീറ്റ് നിലനിര്‍ത്തി. മാര്‍ക്കിങ് സമ്പ്രദായത്തിലൂടെ കേരളത്തില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പുമായിരുന്നു അത്.
1960ല്‍ പറളി നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ് (ഐ)യുടെ എം.വി.വാസു ആയിരുന്നു വിജയി. 1970ല്‍ മാടായിയില്‍ ജെ.മാഞ്ഞൂരാന് എഎസ്പി സ്ഥാനാര്‍ഥിയായി വിജയിച്ചു. അതേവര്‍ഷം തന്നെ നിലമ്പൂരിലും കൊട്ടാരക്കരയിലും നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ നടന്നു. നിലമ്പൂരില്‍ ഇടത് സ്വതന്ത്രന് എം.പി.ഗംഗാധരനും കൊട്ടാരക്കരയില്‍ സിപിഐയുടെ സിപിഐയുടെ സി.അച്യുതമേനോനും വിജയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിരുന്നാണ് അച്യുതമേനോന് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത് എന്ന പ്രത്യേകതയുമുണ്ട്. 1972ല്‍ തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്(ഐ)യുടെ പി.എ.ആന്റണിക്കൊപ്പമായിരുന്നു ജനവിധി. 1978ല്‍ തിരുവനന്തപുരത്തുനിന്ന് സിപിഎമ്മിന്റെ കെ.അനിരുദ്ധന് ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തി. 1979ല്‍ നാലിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കാസര്‍ഗോഡ്,തലശ്ശേരി,തിരുവല്ല,പാറശ്ശാല മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഇടത് വലത് മുന്നണികള്‍ ഒപ്പത്തിനൊപ്പം സീറ്റുകള്‍ നേടി.
1980ല്‍ നിലമ്പൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് യുണൈറ്റഡിന്റെ എ. മുഹമ്മദ് വിജയിച്ചു. 1983ല്‍ നേമത്ത് ഉപതിരഞ്ഞെടുപ്പ് നടന്നു. 1984ല്‍ മഞ്ചേരി, പറവൂര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പുണ്ടായി. മഞ്ചേരി, പറവൂര്‍ എന്നിവിടങ്ങള്‍ വലത്പക്ഷത്തിനൊപ്പം നിന്നു. പുനലൂര്‍ വി. സുരേന്ദ്രന് പിള്ളയിലൂടെ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ഉദുമ, പെരിങ്ങളം, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ 1985ല്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മൂന്നില്‍ രണ്ടും ഇടത് പക്ഷം നേടി. 1986ല്‍ റാന്നി മണ്ഡലവും ഉപതിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം നിന്നു.
28 വര്‍ഷത്തിനിടെ കേരളം കണ്ടത് 22 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളാണ്. ഇതില്‍ 22 തവണയും ജനവിധി ഇടതുപക്ഷത്തിനൊപ്പമായിരുന്നു.
1992ല്‍ ഞാറയ്ക്കലും താനൂരും ഉപതിരഞ്ഞെടുപ്പുകള്‍ക്ക് വേദിയായി. ഞാറയ്ക്കല്‍ ഇടതിനൊപ്പവും താനൂര്‍ വലതിനൊപ്പവും നിലയുറപ്പിച്ചു. 1994ലായിരുന്നു ഗുരുവായൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇടത് സ്വതന്ത്രന് പി.ടി.കുഞ്ഞുമുഹമ്മദിനായിരുന്നു അന്ന് വിജയം. 1995ല്‍ തിരൂരങ്ങാടിയില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ ഏ.കെ.ആന്റണി സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. 1996ല്‍ തലശ്ശേരി ഉപതിരഞ്ഞെടുപ്പ് വിജയിക്കുമ്പോള്‍ ഇ.കെ.നായനാരും മുഖ്യമന്ത്രി സ്ഥാനത്തായിരുന്നു.1996ല്‍ പുനലൂരില്‍ പി.എസ്.സുപാല്‍ മണ്ഡലത്തെ ഇടതിനൊപ്പം ചേര്‍ത്തുനിര്‍ത്തി.
1998ല്‍ മാള, ചാത്തന്നൂര്‍, എറണാകുളം, വൈക്കം മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ഇടത്പക്ഷം മേല്‍ക്കൈ നേടി. 2003ല്‍ തിരുവല്ലയില്‍ ഇ.എം.മത്തായി(കേരളാകോണ്‍ഗ്രസ് എം)യിലൂടെ വിജയം വലത്പക്ഷം നേടി. 2004ല്‍ വടക്കാഞ്ചേരിയില്‍ എ.സി.മൊയ്തീന് ഉപതിരഞ്ഞെടുപ്പ് വിജയം ഇടതിലേക്ക് ചേര്‍ത്തു. 2005ല്‍ അഴീക്കോടും കൂത്തുപറമ്പും നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ഇടത്പക്ഷം വിജയം കണ്ടു. 2006ല്‍ തിരുവമ്പാടിയിലാണ് അവസാനമായി വിജയം ഇടത്പക്ഷത്തെ അനുഗ്രഹിച്ചത്. അന്ന് മുസ്ലീംലീഗിന്റെ വി.എം.ഉമ്മറിനെ 246 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിപിഎമ്മിന്റെ ജോര്‍ജ്.എം.തോമസിലൂടെ മണ്ഡലം ഇടതുമുന്നണി നിലനിര്‍ത്തിയത്.
സംസ്ഥാനം ഇടതുമുന്നണി ഭരിക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ ഐക്യമുന്നണി വിജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തിക്കുറിച്ചത് 2009ലാണ്. കണ്ണൂര്‍,എറണാകുളം,ആലപ്പുഴ ഉപതിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് ജയിച്ചായിരുന്നു ഐക്യമുന്നണിയുടെ ചരിത്ര വിജയം. ഇടത് വളക്കൂറുള്ള കണ്ണൂരിന്റെ മണ്ണില്‍ ഭൂരിപക്ഷം ഉയര്‍ത്തിയുള്ള അത്യുജ്ജ്വല വിജയത്തിലൂടെ എ.പി.അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന് വേണ്ടി സീറ്റ് നിലനിര്‍ത്തി. എറണാകുളത്ത് ഡൊമിനിക് പ്രസന്റേഷനും ആലപ്പുഴയില്‍ എ.എ.ഷുക്കുറുമായിരുന്നു വിജയരഥമേറിയത്. 2012ലായിരുന്നു പിറവത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. 12,070 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അനൂപ് ജേക്കബ് ജനസമ്മതനായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഹിതപരിശോധനയെന്ന് ഇരുമുന്നണികളും വിശേഷിപ്പിച്ച തിരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബിലൂടെയുള്ള ഐക്യമുന്നണി വിജയം ഇടത്പക്ഷത്തിന്റെ സകല കണക്കുകൂട്ടലും തെറ്റിക്കുന്നതായിരുന്നു.
നെയ്യാറ്റിന്‍കരയെ ചരിത്രത്തില്‍ രേഖപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു 2012ല്‍ തന്നെ നടന്ന ഉപതിരഞ്ഞെടുപ്പ്. ശക്തമായ ത്രികോണമത്സരത്തിനൊടുവില്‍ ഐക്യമുന്നണി ആര്.സെല്‍വരാജിലൂടെ മണ്ഡലം നേടി. 2011ല്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച് നിയമസഭയിലെത്തിയ സെല്‍വരാജ് എംഎല്‍എ സ്ഥാനം രാജിവച്ച് ഇടതുമുന്നണി ഉപേക്ഷിച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തുകയായിരുന്നു. സെല്‍വരാജിന് ആദര്‍ശനായക പരിവേഷം നല്‍കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇടതുമുന്നണി ആവുംവിധം ശ്രമിച്ചെങ്കിലും ടി.പി.ചന്ദ്രശേഖരന് വധം അവശേഷിപ്പിച്ച പ്രതിസന്ധി അവരെ വെട്ടിലാക്കുകയും സെല്‍വരാജ് വിജയിക്കുകയുമായിരുന്നു. 2015 ജൂലൈയിലായിരുന്നു അരുവിക്കര ഉപതിരഞ്ഞെടുപ്പ്. 10,128 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ.ശബരീനാഥിലൂടെ ഐക്യമുന്നണി മണ്ഡലം നിലനിര്‍ത്തി. ജി.കാര്ത്തികേയന് അന്തരിച്ചതിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ അരുവിക്കരയില്‍ അദ്ദേഹത്തിന്റെ മകനിലൂടെ തന്നെ മണ്ഡലം പിടിച്ചുനിര്‍ത്താന്‍ ഐക്യമുന്നണിക്കായി. ഭരണവിരുദ്ധ വികാരമോ ബാര്‍കോഴയോ സോളാര്‍ അഴിമതിയോ ഒന്നും അരുവിക്കരയുടെ മനസ്സിനെ ഇടതിനൊപ്പം ചേര്‍ക്കാന്‍ മാത്രം പര്യാപ്തമായിരുന്നില്ല.
2017 ഒക്ടോബറില്‍ നടന്ന വേങ്ങര ഉപതിരഞ്ഞെടുപ്പിലും ഇടതുമുന്നണി പരാജയപ്പെട്ടു. 23,310 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുസ്ലീംലീഗിന്റെ കെ.എന്‍.എ ഖാദറിനൊപ്പമായിരുന്നു വിജയം. മണ്ഡലത്തിന്റെ ചരിത്രത്തിലെ യുഡിഎഫിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഖാദറിന്റേത്. ഇപ്പോഴിതാ ഇടതുമുന്നണിയെ ചെങ്ങന്നൂര്‍ ചുവപ്പിച്ചിരിക്കുന്നു. ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള വിജയം സജി ചെറിയാന് നല്‍കിയാണ് ചെങ്ങന്നൂര്‍ ഇടതുപക്ഷത്തെ പുല്‍കിയിരിക്കുന്നത്.
01-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ