കിമ്മും ട്രംപും മുഖാമുഖം ഒന്നാംഘട്ട ചര്‍ച്ച നന്നായെന്ന് ഇരുവരും

സിംഗപ്പൂര്‍ : ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുഖത്തോടുമുഖം നോക്കിയുളള ചര്‍ച്ച, ലോകം ഉറ്റുനോക്കുന്ന ആ ചരിത്ര കൂടിക്കാഴ്ചയ്ക്കാണ് സിംഗപ്പൂര്‍ വേദിയായത്. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലാണ് ഇരുവരും ചര്‍ച്ചയ്ക്കുള്ള വേദിയാക്കിയത്. ഇതോടെ സമാധാനത്തിന്റെ പുതിയൊരു വഴിത്തിരിവ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുകയാണ്.

നേരത്തെ  നിശ്ചയിച്ച സമയത്തുതന്നെ ഇരുനേതാക്കളും ഹോട്ടലിലെത്തി. രണ്ടുപേരും തങ്ങളുടെ ഔന്നത്യം പ്രദര്‍ശിപ്പിക്കാന്‍ മുതിര്‍ന്നില്ല എന്നത് തന്നെ ശുഭസൂചനയായിരുന്നു. കണ്ടയുടന്‍ നേതാക്കള്‍ രണ്ടു തവണ ഹസ്തദാനം ചെയ്തു. കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഇരുവരും കൂടി മാധ്യമങ്ങളെ അഭിമുഖീകരിക്കാനും തയ്യാറായി.

കിം ജോങ് ഉന്നിന്റെ സംഘത്തില്‍ ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരാണ് ഉള്ളത്. ട്രംപിനോടൊപ്പം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരുമുണ്ടായിരുന്നു.

ഒന്നാംഘട്ട വണ്‍–ഓണ്‍–വണ്‍ ചര്‍ച്ച വളരെ നന്നായിരുന്നുവെന്ന് ഇരുരാഷ്ട്ര തലവന്‍മാരും പ്രതികരിച്ചു. പഴയകാല മുന്‍വിധികളും വ്യവഹാരങ്ങളും ഞങ്ങളുടെ മുന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നതെന്നായിരുന്നു കിമ്മിന്റെ പ്രതികരണം. തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ച വിജയകരമാണെന്നും ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും ട്രംപ് പറഞ്ഞു.

ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു എസുമായി പുതിയ സൗഹൃദമാരംഭിക്കാമെന്നാണ് ഉത്തരകൊറിയ ഈ ചര്‍ച്ചയിലൂടെ കണക്കുകൂട്ടുന്നത്. ഉത്തരകൊറിയ അണുവായുധം താഴെവയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു എസ് ചര്‍ച്ചയക്ക് തയ്യാറായത്. പ്രതീക്ഷയോടെയാണ് അമേരിക്ക ഈ കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്. സഹകരിക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. ഉത്തരകൊറിയ ആണവനിരായുധീകരണം നടപ്പാക്കുന്നത് യു എസ്, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവയുള്‍പ്പെടെ ലോകരാജ്യങ്ങളെ സംബന്ധിച്ച് പ്രധാനമാണ്.

അടച്ചിട്ട മുറിയില്‍ ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചര്‍ച്ച. ചരിത്രത്തിലാദ്യമായിട്ടാണ് യു എസ് പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ കാണുന്നത്. ഫോണില്‍ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഇതുവരെ സംസാരിച്ചിട്ടില്ല. 1950-53 ലെ കൊറിയന്‍ യുദ്ധം മുതല്‍ ചിരവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവന്‍മാരാണ് ഇന്നു മുഖാമുഖമെത്തിയിരിക്കുന്നത്.

ഉച്ചകോടിയില്‍ യു എസിന്റെ പ്രധാനലക്ഷ്യം ആണവനിരായുധീകരണമാണ്. ഉത്തരകൊറിയ പൂര്‍ണമായും അണുവായുധം അടിയറവുവയ്ക്കണമെന്ന നിലപാടായിരിക്കും അമേരിക്ക ഉയര്‍ത്തിപ്പിടിക്കുക. അമേരിക്കയുടെ ഈ നിലപാടാണ് ചര്‍ച്ചയില്‍ നിര്‍ണായകമാവുകയെന്നാണ് കരുതുന്നത്. ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ തയ്യാറായില്ലെങ്കില്‍ ചര്‍ച്ച പരാജയപ്പെടാനാണ് സാധ്യത. കൊറിയന്‍ യുദ്ധത്തിന് വിരാമമായെങ്കിലും സമാധാനക്കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്തതിനാല്‍ സാങ്കേതികമായി ഇരുകൊറിയകളും ഇപ്പോഴും യുദ്ധാവസ്ഥയിലാണ്. ഉച്ചകോടിയില്‍ കൊറിയന്‍യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലും തീരുമാനമായേക്കുമെന്നാണ് സൂചനകള്‍.

ഉത്തരകൊറിയയും യു എസുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതിലും തീരുമാനമുണ്ടാകും. നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ ഉത്തരകൊറിയക്കുമേല്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നേക്കും.

ട്രംപുമായുള്ള കൂടിക്കാഴ്ചയും ചര്‍ച്ചയും കിം ജോങ് ഉന്നിന്റെ മേല്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പുരട്ടിയ പരിഹാസ്യതയുടെയും ഭീകരതയുടെയും കറുപ്പ് കഴുകി കളയാന്‍ ഉപയുക്തമാവും. കിമ്മിനെ കുറിച്ച് പ്രചരിപ്പിച്ച നിറംപിടിപ്പിച്ച നുണകള്‍ സ്വയം കഴുകി കളയുന്ന അമേരിക്കയെയാണ് സിംഗപ്പൂരില്‍ കാണാനാവുന്നതെന്ന് അന്താരാഷ്ട്ര രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

12-Jun-2018