സുധീരന്‍ പോരിന് തന്നെ

തിരുവനന്തപുരം : സുധീരന്‍ തന്റെ രാജിയുടെ പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി രംഗത്തുവന്നുകൊണ്ട് പരസ്യപ്രസ്താവന നടത്തിയാല്‍ നടപടിയെന്ന ഉന്നതാധികാര സമിതി തീരുമാനത്തെ വെല്ലുവിളിച്ചു. കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ഇടയാക്കിയ കാരണം വെളിപ്പെടുത്തിയ വി എം സുധീരന്‍. ഗ്രൂപ്പിസം മൂലം സംഘടനയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന സാഹചര്യം എത്തിയപ്പോഴാണ് രാജി എന്ന തീരുമാനത്തിലേയ്ക്ക് എത്താന്‍ നിര്‍ബന്ധിതനായത് എന്നാണ് തുറന്നടിച്ചത്.

ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. ഒടുക്കം പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ രാജിവെക്കേണ്ടി വന്നു. കോഴിക്കോടുവച്ച് ഉണ്ടായ വീഴ്ച കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജിവെക്കാനുള്ള ഒരു കാരണം മാത്രമായിരുന്നുവെന്നും രാജിയിലേയ്ക്ക് നയിക്കാനുള്ള മുഖ്യ കാരണം ഗ്രൂപ്പിസമാണെന്നും സുധീരന്‍ പറഞ്ഞു. അനുരഞ്ജന ശ്രമം പാളിയതോടെയാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ സുധീരന്‍ തുറന്നടിച്ചത്.

താന്‍ എന്ത് കാര്യം ചെയ്താലും ഓരോരുത്തര്‍ക്കും കൊടുക്കേണ്ട അംഗീകാരവും ആദരവും കൊടുത്തുകൊണ്ടാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍, പാര്‍ട്ടിയല്ല ഗ്രൂപ്പാണ് പ്രധാനമെന്ന നിലപാടാണ് ഗ്രൂപ്പ് നേതാക്കന്മാര്‍ക്കുള്ളത്. അവര്‍ അവരുടെ കാര്യം മാത്രമാണ് നോക്കിയത്. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടുള്ള പ്രവര്‍ത്തനമല്ല ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. താന്‍ എല്ലാക്കാലത്തും ഗ്രൂപ്പിസത്തിന് എതിരായിരുന്നുവെന്നും സുധീരന്‍ വ്യക്തമാക്കി.

12-Jun-2018