പിണറായി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് കുഞ്ഞാലിക്കുട്ടി
അഡ്മിൻ
തിരുവനന്തപുരം : യു ഡി എഫിനെ നിയന്ത്രിക്കുന്ന മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രിയ്ക്കും വാരിക്കോരി അഭിനന്ദനം നല്കിയപ്പോള് യു ഡി എഫ് ക്യാമ്പ് ഒന്നമ്പരന്നു. പിന്നെ നിപ വൈറസിനെ പിടിച്ചുകെട്ടിയതിനാണ് അഭിനന്ദനമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ ആശ്വസിച്ചു. സര്‍ക്കാരിനെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രകീര്‍ത്തിച്ച മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, അന്ധമായ രാഷ്ട്രീയ വിരോധം പടിക്കു പുറത്തുനിര്ത്താനായതാണ് കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നു മികച്ചതാക്കിയതെന്ന് അഭിപ്രായപ്പെട്ടു. കേരളമെന്ന വികാരത്തിനായി ജാതിമതരാഷ്ട്രീയ ഭേദമന്യേ ഏവരും കൈകോര്‍ത്തിട്ടുണ്ട്. നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ച ആരോഗ്യവകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ കെ ശൈലജയ്ക്കും സര്‍ക്കാരിനും അഭിനന്ദനങ്ങളെന്ന് മടിയേതുമില്ലാതെ– കുഞ്ഞാലിക്കുട്ടി സമൂഹമാധ്യമത്തില്‍ കുറിച്ചു.
പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ കുറിപ്പില്‍നിന്ന്.
നിപ്പയെ കീഴടക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍. അന്ധമായ രാഷ്ട്രീയ വിരോധം ഇ എം എസ് നമ്പൂതിരിപ്പാട് സര്‍ക്കാരിന്റെ കാലം മുതല്‍ പടിക്കുപുറത്തു നിറുത്താനായതാണു കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നു മികച്ചതാക്കിയതും, ലോകരാജ്യങ്ങള്‍ക്കു തുല്യമായ വികസനം സാധ്യമാക്കുന്നതില്‍ നിര്‍ണായകമായതും. പലവട്ടം രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മറന്നു കേരളം ഒന്നിച്ചുനിന്നിട്ടുണ്ട്. കേരളമെന്ന വികാരത്തിനായി ജാതിമതരാഷ്ട്രീയ ഭേദമന്യേ കൈകോര്‍ത്തിട്ടുണ്ട്. അതില്‍ അവസാനത്തേതാണു നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ചതിലൂടെ നാം കൈവരിച്ചത്.
സിസ്റ്റര്‍ എന്ന വിളിയുടെ ആഴങ്ങള്‍ മനസിലാക്കി തന്ന് നമ്മുടെ ഏവരുടേയും ഉള്ളില്‍ നീറ്റലായി തീര്‍ന്ന പ്രിയ സഹോദരി ലിനി, ഒപ്പം പേരറിയാത്ത ഒട്ടേറെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെയെല്ലാം സേവനം, ആത്മാര്‍ഥത ഇതെല്ലാം കേരളം എന്നും ഓര്‍ത്തിരിക്കും. ഒപ്പം ഇവരില്ലായിരുന്നെങ്കില്‍ ഈ വിപത്തിന്റെ ആഴം ഇനിയും ഏറുമെന്നതും യാഥാര്‍ഥ്യമായി നിലനില്ക്കുന്നു. നിപ്പ ഉയര്‍ത്തുന്ന ഭീഷണി മുന്നില്‍കണ്ടു സമുദായ അംഗങ്ങളെ ജാഗരൂകരാക്കുന്നതിനുള്ള ആഹ്വാനവുമായി മുന്നിട്ടിറങ്ങിയ ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മറ്റു മത, സംഘടനാ നേതാക്കള്‍ എന്നിവരുടെ ഇടപെടലുകളും ഈ വിപത്തിന് തടയിടുന്നതില്‍ നിര്‍ണായകമായി.
ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം സംസ്ഥാന ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലേയും സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
നിപ്പ വിഷയത്തില്‍ രാഷ്ട്രീയം കാണാതെ സര്‍ക്കാരിനൊപ്പം നിന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇടതുവലതു മുന്നണി ഘടകകക്ഷി നേതാക്കള്‍, പ്രവര്‍ത്തകര്‍, സാമൂഹികസന്നദ്ധസാംസ്കാരിക നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കം ഏവര്‍ക്കും ഈ പേമാരിയെ കീഴടക്കാനായതില്‍ അഭിമാനിക്കാം. പക്ഷേ, കേരളം ഇനിയും കരുതിയിരിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഭീതി പരത്തുന്ന രോഗങ്ങള്‍ക്കെതിരെ. കെടുതിയായി നമ്മളെ വേട്ടയാടുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെ. ഇനി ഇതിനെതിരെയാകട്ടെ നമ്മുടെ പോരാട്ടം.
12-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ