ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന പരശുറാം അറസ്റ്റില്‍

ബംഗളൂരു : ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നയാളെന്ന് സംശയിക്കുന്ന പരശുറാം വാഗ്മോറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മഹാരാഷ്ട്രയില്‍നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തെ എസ്‌ഐടി കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു. വിജയാപുര സിന്ദഗി സ്വദേശിയാണ് പരശുറാം. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ വീടിനുമുന്നില്‍വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിക്കുന്നത്.

കേസില്‍ ഗുണ്ടാ നേതാവ് സുചിത് കുമാര്‍, ഹിന്ദു യുവസേനാ പ്രവര്‍ത്തകന്‍ കെ ടി നവീന്‍കുമാര്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഗൗരി ലങ്കേഷ് ഹിന്ദുവിരുദ്ധ നിലപാട് പുലര്‍ത്തുന്നയാളാണെന്നും അവര്‍ക്കു വേണ്ടിയാണ് താന്‍ വാങ്ങുന്ന തിരകളെന്നും തീവ്രനിലപാടുള്ളയാള്‍ പറഞ്ഞതായി അറസ്റ്റിലായ കെ ടി നവീന്‍കുമാര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.

12-Jun-2018