ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം
അഡ്മിൻ
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകരിച്ചു. സംസ്ഥാനം ഭരിച്ചിരുന്ന പി ഡി പി സര്‍ക്കാരിന് ബി ജെ പി നല്കിയ പിന്തുണ പിന്‍വലിച്ചതോടെ സംസ്ഥാനത്ത് നിലവില്‍വന്ന രാഷ്്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിടാനാണ് ഈ നീക്കം. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരിക്കാന്‍ തങ്ങള്‍ക്ക് അനുകൂലമായ ജനവിധി ഉണ്ടായില്ലെന്നിരിക്കേ, ബദല്‍ മന്ത്രിസഭ രൂപവത്കരിക്കാനുള്ള സാധ്യത നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും തള്ളിയതോടെയാണ് ഗവര്‍ണര്‍ ഭരണത്തിന് വഴിയൊരുങ്ങിയത്. 977നു ശേഷം എട്ടാം തവണയാണ് സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം നിലവില്‍ വരുന്നത്.
ഇന്നലെ ഉച്ചയോടെയാണ് പിന്തുണ പിന്‍വലിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ബി ജെ പി നേതൃത്വം രംഗത്ത് വന്നത്. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ച കശ്മീരില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ വച്ചാണ് സഖ്യം വിടുന്നതിന് തീരുമാനമായത്. അതോടെ കാശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ ഗവര്‍ണര്‍ ഭരണത്തിന് അനുമതി ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കുകയായിരുന്നു.
ഇതോടെ നിലവിലെ ഗവര്‍ണറായ എന്‍ എന്‍ വോറയുടെ കാലത്തുള്ള നാലാമത്തെ ഗവര്‍ണര്‍ ഭരണമാണ് നിലവില്‍വരുന്നത്. ഷേക്ക് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വം നല്കിയ ന്യൂനപക്ഷ സര്‍ക്കാരിന് അന്നു സംസ്ഥാന കോണ്‍ഗ്രസിനെ നയിച്ച മുഫ്തി മുഹമ്മദ് സയീദ് പിന്തുണ പിന്‍വലിച്ചപ്പോള്‍ 1977 മാര്‍ച്ച് 26നാണ് ആദ്യമായി ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. ഗവര്‍ണര്‍ എല്‍.കെ. ഝായുടെ ഭരണം 105 ദിവസം നീണ്ടു. തെരഞ്ഞെടുപ്പിലൂടെ നാഷണല്‍ കോണ്‍ഫറന്‍സ് ഭരണത്തില്‍ തിരിച്ചെത്തി. മുഖ്യമന്ത്രി ഗുലാം മുഹമ്മദ് ഷായ്ക്കു സയീദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചപ്പോള്‍ ഗവര്‍ണര്‍ ഭരണം രണ്ടാമതുമെത്തി. 1986 മാര്‍ച്ചിലായിരുന്നു അത്. 246 ദിവസത്തിനു ശേഷം പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള ധാരണയിലൂടെ ഫറൂഖ് അബ്ദുള്ള ഭരണത്തിലേറി. സയീദ് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെയായിരുന്നു മൂന്നാം ഗവര്‍ണര്‍ ഭരണം. ഗവര്‍ണറായി ജഗ്മോഹന്റെ നിയമനം മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള എതിര്ത്തതോടെയുണ്ടായ ഗവര്‍ണര്‍ ഭരണം 1996 ഒക്ടോബര്‍ വരെ, ആറു വര്‍ഷവും 264 ദിവസവും നീണ്ടു. ആറു വര്‍ഷത്തിനു ശേഷം, 2002 ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ തൂക്കുസഭ ഉണ്ടായതോടെ വീണ്ടും ഗവര്‍ണര്‍ ഭരണം. കോണ്‍ഗ്രസിനെയും സ്വതന്ത്രരെയും കൂട്ടി സയീദ് പി ഡി പി സര്ക്കാരുണ്ടാക്കുന്നതുവരെ 15 ദിവസം ആ ഭരണം തുടര്‍ന്നു. ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് പി ഡി പി പിന്തുണ പിന്‍വലിച്ചതോടെ അഞ്ചാമതും ഗവര്‍ണര്‍ ഭരണമായി. അത് 174 ദിവസം നീണ്ടു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെവന്നതോടെ 2014 ഡിസംബര്‍ 23നു ജമ്മു കശ്മീര്‍ വീണ്ടും ഗവര്‍ണര്‍ ഭരണത്തിലായി. പി ഡി പി-ബി ജെ പി സഖ്യസര്ക്കാരുണ്ടായ 2015 മാര്‍ച്ച് ഒന്നു വരെ തുടര്‍ന്നു. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മരണശേഷം, ബി ജെ പി പിന്തുണ സ്വീകരിച്ച് മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായതോടെ 2016 ഏപ്രില്‍ ആറു വരെയായിരുന്നു ഇതിനു മുമ്പുള്ള ഗവര്‍ണര്‍ ഭരണം.
സഖ്യം തകരുമെന്നതിന്റ സൂചനകള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും തകര്‍ച്ച മെഹ്ബൂബ മുഫ്തിയില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ബി ജെ പി പിന്തുണ പിന്‍വിലിക്കുന്നതായി അറിയിച്ച ഉടന്‍ മുഫ്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. കശ്മീരിനെ ശത്രുരാജ്യമായി കണ്ട് പെരുമാറാനല്ല, ജനതക്ക് ആശ്വാസമാകാനാണ് തങ്ങള്‍ താത്പര്യപ്പെടുന്നതെന്ന് മുഫ്തി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജമ്മുകശ്മീര്‍ ശത്രു രാജ്യമല്ല. ഇവിടെ കൈയ്യൂക്കിന്റെ നയം നടപ്പാക്കാനാവില്ല. റംസാന് മാസത്തിലെ വെടി നിര്‍ത്തലിലൂടെ താഴ്വരയില് സമാധാനം തിരിച്ചെത്തിയിരുന്നു. പി ഡി പി പ്രവര്‍ത്തകര്‍ ഒരുപാട് അനുഭവിച്ചു. എങ്കിലും അവര്‍ പിന്തുണയുമായി കൂടെ നിന്നു. ചെയ്യാവുന്നതൊക്കെ തങ്ങള്‍ ചെയ്തിട്ടുണ്ട്. കേസുകള്‍ പിന്‍വലിക്കുകയും വെടി നിര്‍ത്തല്‍ ഉറപ്പു വരുത്തുകയും ചെയ്തു. തങ്ങളുടെ ശ്രമങ്ങള്‍ ഭാവിയിലും തുടരുമെന്നും അവര്‍ വ്യക്തമാക്കി.
രാഷ്ട്രീയ നിരീക്ഷകര്‍, കാശ്മീരിനെ മുന്നില്‍ നിര്‍ത്തി ഒരു യുദ്ധത്തിന് ബി ജെ പി സര്‍ക്കാര്‍ മുന്നൊരുക്കം നടത്തുന്നു എന്ന് നിരീക്ഷിക്കുന്ന വേളയില്‍ ആണ് ജമ്മു കശ്മീരിലെ സര്‍ക്കാര്‍ നിലം പൊത്തിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
20-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ