ഇന്ധനവില ജി എസ് ടി പരിധിയിലാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു

ന്യൂഡല്‍ഹി : ഇന്ധന വിലവര്‍ധനവില്‍ രാജ്യത്താകെ ഉയരുന്ന പ്രതിഷേധത്തില്‍ നിന്നും കരകയറാന്‍ പുതിയ ഫോര്‍മുല പ്രയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പെട്രോളും ഡീസലും ജി എസ് ടി പരിധിയിലാക്കി പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ കഴിയുമോ എന്നാണ് കേന്ദ്രം ചിന്തിക്കുന്നത്.

ഉയര്‍ന്ന ജി എസ് ടി സ്ലാബായ 28 ശതമാനത്തിനു പുറമേ നിലവിലെ സംസ്ഥാന നികുതികൂടി ചേര്‍ത്തുള്ള നിരക്കാണു പരിഗണനയിലുള്ളത്. ജി എസ് ടി പരിധിയിലായാലും ഇന്ധനവില കുറയുമെന്ന പ്രതീക്ഷ ഇതോടെ മങ്ങുകയാണ്. പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്നു ലഭിക്കുന്ന 20,000 കോടി രൂപയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വേണ്ടന്നുവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുമോ എന്നതാണ് ഇതിലെ പ്രധാനപ്രശ്‌നം. അതിന് തയ്യാറാവാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ വ്യക്തമാക്കുന്നത്.

ലോകത്തിലൊരിടത്തും പെട്രോളും ഡീസലും യഥാര്‍ഥ ജി എസ് ടിക്കു കീഴില്‍ വരാത്തതിനാല്‍ ഇന്ത്യയില്‍ ജി എസ് ടിയും വാറ്റും ചേര്‍ന്ന നികുതി ഘടനയായിരിക്കും ഉചിതമെന്നാണ് ജി എസ് ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി എസ് ടി പരിധിയില്‍ കൊണ്ടു വരുന്നത് സംബന്ധിച്ച് കേന്ദ്രവും സ്ംസ്ഥാനങ്ങളും തമ്മില്‍ യോജിച്ച രാഷ്ട്രീയ തീരുമാനവും ഉണ്ടാകേണ്ടതുണ്ട്. അതിനുള്ള നീക്കങ്ങളൊന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗ്ത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ പ്രതികരണം എങ്ങിനെയാവും എന്നത് പറയാന്‍ സാധിക്കില്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തീര്‍ച്ചയായും നടപ്പിലാക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാതിരിക്കുകയും ചെയ്യുന്നതിനെ പറ്റിയും ആലോചനകള്‍ നടക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ഒരു ലിറ്റര്‍ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയും എക്‌സൈസ് തീരുവ ഈടാക്കുന്നുണ്ട്. ഇതിനു പുറമേയാണു സംസ്ഥാനങ്ങളുടെ വാറ്റ്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇതു വ്യത്യസ്തമാണ്. മുംബൈയില്‍ പെട്രോളിന് 39.12 ശതമാനം വാറ്റ് നികുതി ഈടാക്കുമ്പോള്‍ തെലങ്കാനയില്‍ ഡീസലിന് 26 ശതമാനമാണിത്. ഡല്‍ഹിയില്‍ ഇത് യഥാക്രമം പെട്രോളിന് 27 ശതമാനവും ഡീസലിന് 17.24 ശതമാനവുമാണ്. പെട്രോള്‍ വിലയില്‍ 45 മുതല്‍ 50 ശതമാനം വരെയും ഡീസല്‍ വിലയില്‍ 35 മുതല്‍ 40 ശതമാനം വരെയും നികുതിയാണ്. ആ നികുതികള്‍ പൂര്‍ണമായും ഒഴിവാക്കല്‍ പ്രായോഗികമല്ല. അതേസമയം എണ്ണകമ്പനികള്‍ക്ക് കൊള്ളലാഭം ഈടാക്കാനുള്ള സാധ്യത തുറന്നുകൊടുക്കുന്ന നയങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍ എണ്ണവില കുറക്കാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. പക്ഷെ, അതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി അനുവാദം നല്‍കില്ല. 

21-Jun-2018