നെല്‍വയല്‍ നീര്‍ത്തട സംരക്ഷണം നിയമഭേദഗതി ബില്‍ സഭ പാസാക്കി

തിരുവനന്തപുരം : നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. നെല്‍വയല്‍ സംരക്ഷണവും തരിശുഭൂമി കൃഷിയോഗ്യമാക്കലും കേരളത്തിന്റെ പൊതു വികസനവും യാഥാര്‍ഥ്യമാക്കുന്നതാണ് ബില്‍. എന്നാല്‍, നെല്‍വയല്‍ നീര്‍ത്തട സംഹാര നിയമാണു പാസാക്കുന്നതെന്ന് ആരോപിച്ചു ബില്‍ കീറിയെറിഞ്ഞു പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ ആരോപണങ്ങളെ നിശിതമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുകയാണെന്ന് പറഞ്ഞു. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ കൊണ്ടുവന്നത്. ഈ നിയമത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. 2008നു മുമ്പ് നികത്തിയ നിലങ്ങള്‍ നിശ്ചിത ഫീസ് ഈടാക്കി ക്രമവല്‍ക്കരിച്ചുനല്‍കും. നിലംനികത്തിയ ആറ് സെന്റില്‍ വീടുവയ്ക്കാനും നാല് സെന്റില്‍ കച്ചവടങ്ങള്‍ തുടങ്ങാനും തടസ്സമുണ്ടാകില്ല. എന്നാല്‍, 50 സെന്റിനു മുകളില്‍ നികത്തപ്പെട്ട ഭൂമിക്ക് ഫീസ് അടച്ചാല്‍ ക്രമവല്‍ക്കരിച്ചു നല്‍കുമെന്നുള്ള ഭേദഗതി റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഗുണകരമാവുമെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. 1967ല്‍ കേരള ഭൂവിനിയോഗ നിയമം വരുന്നതിനുമുമ്പ് നികത്തിയ ഭൂമിക്ക് ഫീസ് വേണ്ടെന്നും ഭേദഗതിയില്‍ പറയുന്നു.

തരിശുഭൂമി ഭൂഉടമയുടെ സമ്മതത്തോടെ ഏറ്റെടുത്ത് കൃഷി ചെയ്യുന്നതിനൊപ്പം കൃഷിയെ സഹായിക്കുന്നതിന് കാര്‍ഷിക അഭിവൃദ്ധി ഫണ്ടും രൂപീകരിക്കും. 2008നുമുമ്പ് നികത്തിയ അഞ്ച്, പത്ത് സെന്റ് ഭൂമിയില്‍ അവ ബോധ്യപ്പെടുത്തിയാല്‍, വീടുവയ്ക്കുന്നതിന് തടസ്സമുണ്ടാകില്ല. പത്ത് സെന്റിനുമുകളിലുള്ള ഭൂമി ഒരിക്കലും നെല്‍കൃഷി ചെയ്യാനാകാത്തതാണെങ്കില്‍ ഫീസ് ഈടാക്കി ഉപയോഗപ്പെടുത്താന്‍ അനുമതി നല്‍കും. ഈ പണം കാര്‍ഷിക അഭിവൃദ്ധി ഫണ്ടിന് ഉപയോഗിക്കും. തരിശുഭൂമിയില്‍ കൃഷിയിറക്കുന്നതിന് ഉടമയ്ക്ക് നോട്ടീസ് നല്‍കും. 15 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ തദ്ദേശസ്ഥാപനങ്ങളോ പാടശേഖര സമിതികളോ അവിടെ കൃഷിയിറക്കും.

സമൂഹത്തിനു വേണ്ടതാണു നടപ്പാക്കുന്നതെന്നും അതു പ്രതിപക്ഷം മനസിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. നിയമനിര്‍മാണം സുപ്രീംകോടതി വിധിക്കെതിരാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയിലെ കറുത്ത ദിനമെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ലിനെ നിയമസഭയില്‍ എതിര്‍ത്ത് ചര്‍ച്ചയില്‍ ഉടനീളം പ്രതിപക്ഷം രംഗത്തെത്തി. പിഴ ഈടാക്കി നിലം നികത്താന്‍ അനുവദിക്കുന്നതു ഭരണഘടനാവിരുദ്ധമെന്നു വി ഡി സതീശന്‍ പറഞ്ഞു. കോടതിയിലെ കേസുകള്‍കൂടി പരിഗണിച്ചുവേണം ഭേദഗതിയെന്നു വി ടി ബല്‍റാം ആവശ്യപ്പെട്ടു. എന്നാല്‍, രണ്ടുവാദങ്ങളും നിലനില്‍ക്കില്ലെന്നു റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ സഭയെ അറിയിച്ചു. ന്യായവിലയുടെ 50 ശതമാനം പിഴയായിട്ടല്ല, ഫീസായിട്ടാണ് ഈടാക്കുന്നതെന്നും ഇതു ഭരണഘടനാവിരുദ്ധമല്ലെന്നും മന്ത്രി വിശദീകരിച്ചു. പ്രതിഷേധത്തിനിടയില്‍ ബില്‍ പാസാക്കുകയും ചെയ്തു.

2008ലെ ബില്ലിലെ രണ്ട്, അഞ്ച്, പത്ത്, 16, 27 വകുപ്പുകളിലാണ് ഭേദഗതി. നെല്‍വയലുകളുടെ സംരക്ഷണവും തരിശുഭൂമിയെ കൃഷിയോഗ്യമാക്കലും സര്‍ക്കാര്‍ നടപ്പാക്കുന്നതും പൊതു ആവശ്യത്തിനുള്ളതുമായ പദ്ധതികള്‍ക്ക് ഭൂമി ലഭിക്കുന്നതിനും ആവശ്യമായവയാണ് ഭേദഗതിയില്‍. 2008നുമുമ്പ് വീട് വയ്ക്കാന്‍ അഞ്ച്, പത്ത് സെന്റ് ഭൂമി നികത്തിയത് ക്രമപ്പെടുത്തുന്നത് പാവപ്പെട്ടവര്‍ക്ക് ഏറെ സഹായകമാകും. എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയപ്രകാരമാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നെല്‍കൃഷി വ്യാപിപ്പിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന് ശക്തിപകരുന്നതാണ് ഭേദഗതികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

26-Jun-2018