സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു
അഡ്മിൻ
ശബരിമല കാനനപാതയിലെ കരിമല ക്ഷേത്രപരിസരത്തുള്ള കരിമല അരയൻ്റെ കല്ലറ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. ശബരിമല അമ്പലത്തിലെ ആദ്യപൂജാരിയും ശബരിമല പതിനെട്ടാം പടിയിലെ ആദ്യപടി സ്ഥാപിച്ചയാളുമായ കരിമല അരയൻ്റെ കല്ലറ തകർക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി മല അരയ മഹാസഭയുടെ ആത്മീയ പ്രസ്ഥാനമായ ശ്രീ അയ്യപ്പ ധർമ്മസംഘം അടക്കമുള്ള സംഘടനകൾ രംഗത്തെത്തി.
അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒരു സ്വകാര്യ വാഹനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കി കാനന പാതയിലൂടെ പോയിരുന്നതായി പ്രദേശവാസികൾ പറയുന്നു. തുടർന്നുള്ള ദിവസങ്ങളിലാണ് കരിമല അരയൻ്റെ കല്ലറ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിശ്വാസികളെ വൈകാരികമായി പ്രകോപിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ബിജെപി ഗൂഢാലോചന ശബരിമല കേന്ദ്രീകരിച്ച് പലതവണ ഉണ്ടായിട്ടുള്ളതും, അതെല്ലാം പിടിക്കപെടുകയോ, പൊതുജനമധ്യത്തിൽ വെളിവാക്കപ്പെടുകയോ ചെയ്ത് പരാജയപെട്ടതുമാണ്. നിലയ്ക്കൽ കലാപം മുതൽ ശബരിമല സ്ത്രീപ്രവേശത്തിൽ വരെ ബിജെപിയുടെ കുടില ബുദ്ധി കേരളം കണ്ടിട്ടുണ്ട്. കെ സുരേന്ദ്രൻ ഇരുമുടികെട്ട് പോലീസ് സ്റ്റേഷനകത്ത് വലിച്ചെറിഞ്ഞതും, ശബരിമല യാത്രയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നം ഉപയോഗിക്കുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വിശ്വാസത്തെയോ ആചാരത്തെയോ തരിമ്പും ബഹുമാനിക്കാതെ കേവലം രാഷ്ട്രീയലക്ഷ്യം മാത്രം മുന്നിൽ കണ്ടുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകൾ മുൻപും ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന്റെ സ്വകാര്യ കാനന യാത്ര സംശയത്തിന്റെ നിഴലിൽ ആകുന്നത്. പോലീസ് അന്വഷണത്തിൽ ഇതും ഉൾപ്പെടുത്തണം എന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു . അയ്യപ്പധർമ്മ സംഘത്തിൻ്റെ നേതൃത്വത്തിൽ ഭക്തർ തീർത്ഥാടനത്തിനായി തിങ്കളാഴ്ച വൈകുന്നേരം പരമ്പരാഗത പാതയിലൂടെ കരിമലയിലെത്തിയപ്പോഴാണ് കരിമല അരയൻ്റെ കല്ലറ തുറന്ന് തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. അതിപ്രാചീനകാലം മുതൽ മല അരയ സമുദായത്തിൽപ്പെട്ടവർ അധിവസിച്ചിരുന്ന കരിമലയിൽ കരിമല അരയൻ്റെ കല്ലറ കൂടാതെ ആരാധനാലയം, ചതുരക്കിണർ, നാളി കേരമുടയ്ക്കാനുള്ള പുണ്യശില, കരിമല അരയൻ കല്ലറ, പുരത്തറകൾ എന്നിവയടക്കം നിരവധി നിർമ്മിതികൾ ചരിത്രാവശേഷിപ്പുകളായുണ്ട് .
ശബരിമലയിലേക്കുള്ള പരമ്പരാഗത തീർഥാടന കാനനപാതയോരത്ത് സ്ഥിതി ചെയ്യുന്ന കല്ലറയ്ക്ക് ആയിരത്തിലേറെ വർഷം പഴക്കമുണ്ട് . ഇതു തകർക്കപ്പെട്ടതിനു പിന്നിൽ തത്പരകക്ഷികളുടെ ഗൂഢ ലക്ഷ്യമുണ്ടെന്നും മല അരയരടക്കം കോടിക്കണക്കിനു ശബരിമല വിശ്വസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും മല അരയ മഹാസഭാ നേതാക്കൾ ചൂണ്ടിക്കാട്ടി.
കരിമല അടക്കമുള്ള പ്രദേശങ്ങളിൽനിന്നും പുറത്താക്കപ്പെട്ട മല അരയജനതയുടെ പ്രാചീന സംസ്കാരവും ശേഷിപ്പുകളുമാണ് ഇതിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഇത് വിശദമായി അന്വേഷിച്ച് ഇതിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടു വരണം. വിശ്വപ്രസിദ്ധമായ ശബരിമല അമ്പലവുമായി അഭേദ്യ ബന്ധമുള്ള കരിമലയിലെ നിർമിതികൾ തകർക്കുന്ന ശക്തികളെപ്പറ്റി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും വനാന്തരങ്ങളിലെ പൈതൃകങ്ങൾ സംരക്ഷിക്കാനായി കേന്ദ്ര സാംസ്കാരിക വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കുകയും വേണമെന്ന് മല അരയ മഹാസഭാ പറഞ്ഞു.
നിരവധി ചരിത്രശേഷിപ്പുകളും ആരാധനാകേന്ദ്രങ്ങളുമുള്ള തീർഥാടനപാത അടയ്ക്കാനുള്ള ശ്രമങ്ങൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ 2020 മുതൽ നടന്നുവരുന്നുണ്ട്. ശ്രീ അയ്യപ്പൻ നടന്നുപോയ ചരിത്രപാതകൂടി ഇല്ലാതാക്കനുള്ള നി ഗൂഡലക്ഷ്യത്തിൻ്റെ ഭാഗമാണ് കല്ലറ തകർക്കലിൻ്റെ പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മല അരയ മഹാസഭാ ചൂണ്ടിക്കാട്ടി .
29-Dec-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ