രാജ്യത്ത്‌ പൊതുവിപണിയിൽ അരിവില കുത്തനെ ഉയരുമ്പോഴാണ്‌ കേന്ദ്രം ജനങ്ങളെ ദുരിതത്തിലാക്കുന്നത്‌.

പ്രധാൻമന്ത്രി ഗരീബ്‌ കല്യാൺ യോജന പദ്ധതി പ്രകാരമുള്ള സബ്‌സിഡി അരി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്ത്‌ 40 ലക്ഷം കാർഡുടമകൾക്ക്‌ തിരിച്ചടിയാകും. മുൻഗണനാ വിഭാഗമായ പിങ്ക്‌, മഞ്ഞ കാർഡ്‌ ഉടമകൾക്ക്‌ സൗജന്യ നിരക്കിൽ ലഭിച്ച അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളാണ്‌ ഡിസംബറോടെ കേന്ദ്രസർക്കാർ അവസാനിപ്പിച്ചത്‌. കോവിഡ്‌ കാലത്ത്‌ ആരംഭിച്ച പദ്ധതി ജനുവരി മുതൽ തുടരേണ്ടതില്ലെന്നാണ്‌ കേന്ദ്ര തീരുമാനം.

സംസ്ഥാനത്ത്‌ 5,90,317 എഎവൈ (മഞ്ഞ), 34,77,651 മുൻഗണനാ (പിങ്ക്‌) കാർഡുടമകൾക്കാണ്‌ സബ്‌സിഡി അരിക്ക്‌ അർഹത. കാർഡിലെ ഒരംഗത്തിന്‌ അഞ്ച്‌ കിലോ ഭക്ഷ്യധാന്യമാണ്‌ ലഭിച്ചിരുന്നത്‌. തുടക്കത്തിൽ അരിക്കും ഗോതമ്പിനും പുറമെ കടലയും പയറും ലഭിച്ചിരുന്നു. പിന്നീട്‌ അരിയും ഗോതമ്പും മാത്രമായി ചുരുങ്ങി. നാലുമാസമായി ഗോതമ്പും നിലച്ചു.

രാജ്യത്ത്‌ പൊതുവിപണിയിൽ അരിവില കുത്തനെ ഉയരുമ്പോഴാണ്‌ കേന്ദ്രം ജനങ്ങളെ ദുരിതത്തിലാക്കുന്നത്‌. പൊതുവിപണിയിൽ 22 രൂപയുണ്ടായിരുന്ന അരിവില ഇപ്പോൾ 36–-42 രൂപയായി. സർക്കാർ തീരുമാനം അരിവില വീണ്ടും ഉയരാൻ വഴിവയ്‌ക്കും.

30-Dec-2022