ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലേക്കും ഉൽപ്പന്നങ്ങൾ എത്തിച്ചുകൊടുക്കും

തേൻമുതൽ നെല്ലിക്ക ജാംവരെയുടെ വനശ്രീ ഉൽപ്പന്നങ്ങൾ ഇനി രാജ്യത്ത് എവിടെനിന്നും ഓൺലൈനായി വാങ്ങാം. വനംവകുപ്പിന്റെ www.vanasree.in എന്ന വെബ്സൈറ്റിലാണ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക. വനം വകുപ്പിന്റെ വനശ്രീ ഇക്കോ ഷോപ്പുവഴിയാണ് ഓൺലൈൻ വിപണനം. പദ്ധതിയുടെ ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ ചാലക്കുടി ഡിവിഷനുകീഴിലെ വനശ്രീ ഇക്കോ ഷോപ്പുവഴി കഴിഞ്ഞ ദിവസം തുടങ്ങി.

ഗോത്രവർ​ഗക്കാർ കാട്ടിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന തടിയിതര വിഭവങ്ങൾ വനംവകുപ്പിന്റെ മേൽനോട്ടത്തിൽ സംസ്കരിച്ച് വിപണിയിലെത്തിക്കുകയാണ് വനശ്രീ ഇക്കോ ഷോപ്പുകൾ. ആദ്യഘട്ടം കൊറിയർ സർവീസ് വഴിയാണ് ഓൺലൈൻ വിൽപ്പന നടത്തുന്നത്. ചെറുതേൻ, കാട്ടുതേൻ, നെല്ലിക്ക തേൻ, മഞ്ഞൾപൊടി, ചായപ്പൊടി, ​ഗ്രീൻ ടീ, കാട്ടുജാതി, തിന, കുറുന്തേൻ, കുരുമുളക്, ‌​ഗ്രാമ്പു, ഇഞ്ചിഅച്ചാർ, കുടംപുളി, റാഗി, ശതാവരി, കല്ലൂർ വഞ്ചി, കുതിരവാലി, ചാമ, ചോളം റവ, വരക, കറുവപ്പട്ട എന്നിങ്ങനെ അറുപതിൽപരം ഉൽപ്പന്നങ്ങളാണ്‌ ഓൺലൈനായി വിപണനം നടത്തുന്നത്.

ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലേക്കും ഉൽപ്പന്നങ്ങൾ എത്തിച്ചുകൊടുക്കും. പാക്കിങ്, കൊറിയർ ചാർജ്‌ അധികമായി ഈടാക്കും. വനംവകുപ്പിന്റെ കീഴിലുള്ള രണ്ട്‌ മൊബൈൽ വനശ്രീ ഉൾപ്പെടെ 67 വനശ്രീ ഇക്കോ ഷോപ്പുകളിലും പദ്ധതി വ്യാപിപ്പിക്കാനുള്ള പ്രാരംഭഘട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ വിപണനത്തിനായി തപാൽ വകുപ്പിന്റെ സഹായവും തേടും. പദ്ധതിയിലൂടെ വനാശ്രിത സമൂഹത്തിന് വരുമാനമാർ​ഗം ഉറപ്പുവരുത്തുകയാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.

30-Dec-2022

ന്യൂസ് മുന്‍ലക്കങ്ങളില്‍

More