തെലങ്കാനയിൽ ശബരിമല അയ്യപ്പനെ കുറിച്ച് വിവാദ പ്രസംഗം നടത്തിയ യുക്തിവാദി നേതാവിനെ കേരളത്തിലെ സിപിഎം നേതാവാക്കി വ്യാജവാർത്ത നൽകി ഇന്ത്യാ ടുഡേ. അയ്യപ്പൻറെ ജനനത്തെപ്പറ്റി വിവാദ പരാമർശങ്ങൾ നടത്തിയ ബൈരി നരേഷിനെയാണ് കേരളത്തിൽ നിന്നുള്ള സിപിഎം നേതാവായി ചിത്രീകരിച്ചത്. ചാനലിലെ ഇംഗ്ലീഷ് ന്യൂസ് ബുള്ളറ്റിനിൽ വന്ന വ്യാജവാർത്ത പിന്നീട് ഇന്ത്യ റ്റുഡേ ട്വീറ്റ് ചെയ്യുകയും ചെയ്തു.
കേരളത്തിനുള്ള സിപിഐ എം പ്രവർത്തകർ അടക്കം നിരവധിപേർ കേരളത്തിൽ ഇങ്ങനെ സിപിഎം നേതാവില്ലെന്ന് ട്വിറ്ററിൽ പ്രതികരിച്ചതിനെ തുടർന്ന് ട്വീറ്റ് പിൻവലിച്ചെങ്കിലും ചാനൽ വാർത്ത തിരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ല. പല ബിജെപി അനുകൂല സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴി ഇത് രാജ്യമാകെ പ്രചരിക്കുകയും ചെയ്തിരുന്നു.
കാറബാദ് ജില്ലയിലെ കോടങ്കലിൽ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്ന് നിരീശ്വരവാദി സംഘം സംസ്ഥാന പ്രസിഡണ്ട് കൂടിയായ ബൈരി നരേഷിനെ വാറങ്കലിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒസ്‌മാനിയ സർവ്വകലാശാല വിദ്യാർത്ഥിയായ നരേഷിനു കേരളവുമായോ സിപിഎമ്മുമായി ഒരു ബന്ധവുമില്ലാതിരിക്കെയാണ് അദ്ദേഹത്തെ കേരളത്തിലെ സിപിഎം നേതാവ്’ എന്ന പേരിൽ ഇന്നിതാ ടുഡേ ചാനൽ വാർത്ത പ്രചരിപ്പിച്ചത്. ഇതിനൊരു വിശദീകരണവും ഇന്ത്യാ ടുഡേ നൽകിയിട്ടുമില്ല.