നോബേല്‍ കിട്ടിയില്ലെങ്കിലും ലോകം മറക്കില്ല. ഇ സി ജോര്‍ജ്ജ് സുദര്‍ശന്‍ വിടവാങ്ങി

തിരുവനന്തപുരം : ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ ഇ സി ജോര്‍ജ്ജ് സുദര്‍ശന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സാസില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. സൈദ്ധാന്തിക ഭൗതികത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഗവേഷകനാണ് സുദര്‍ശന്‍. ഒന്‍പത് തവണ നൊബേല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന് ആ ബഹുമതി നല്‍കാതിരുന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലില്‍ ഐന്‍സ്റ്റീന്റെ സിദ്ധാന്തം തിരുത്തിയെഴുതി. വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദര്‍ശന്‍ നടത്തിയ ഈ കണ്ടെത്തലിനെ ശാസ്ത്രലോകം ക്വാണ്ടം സീനോ ഇഫക്ട് എന്നു വിളിച്ചു. 'പ്രകാശപരമായ അനുരൂപ്യം' എന്നു വിളിക്കപ്പെട്ട കണ്ടുപിടിത്തത്തിനു സുദര്‍ശന്‍ 2005 ല്‍ നൊബേല്‍ സമ്മാനത്തിന്റെ പടിപ്പുര വരെയെത്തി. ലോകമെങ്ങുംനിന്നു ശാസ്ത്രലോകം സുദര്‍ശനുവേണ്ടി വാദിച്ചെങ്കിലും, നൊബേലിന് ഒരു വര്‍ഷം മൂന്നില്‍ കൂടുതല്‍ പേരെ പരിഗണിക്കില്ലെന്ന ന്യായത്തില്‍ സ്വീഡിഷ് അക്കാദമി അദ്ദേഹത്തെ ഒഴിവാക്കി.

റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ റോബര്‍ട്ട് മാര്‍ഷാക്കുമായി ചേര്‍ന്ന് സുദര്‍ശന്‍ രൂപംനല്‍കിയ 'വി മൈനസ് എ' സിദ്ധാന്തമാണ് ക്ഷീണബലരഹസ്യത്തിന്റെ താക്കോലായി മാറിയത്. ക്വാണ്ടം പ്രകാശീയത (ക്വാണ്ടം ഓപ്റ്റിക്‌സ്) എന്ന പഠനശാഖയ്ക്ക് 1960 കളില്‍ അടിത്തറിയിട്ടതിലെ പ്രധാനിയും ഇദ്ദേഹമായിരുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെപ്പോലും തിരുത്തി ശാസ്ത്ര ലോകത്തെ ഞെട്ടിച്ച മഹാനായ ശാസ്ത്രജ്ഞന്റെ വിയോഗത്തില്‍ ലോകമാകെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്.

കോട്ടയം ജില്ലയിലെ പള്ളത്ത് എണ്ണയ്ക്കല്‍ തറവാട്ടില്‍ ഇ ഐ ചാണ്ടിയുടെയും അച്ചാമ്മയുടെയും മകനായി 1931 സെപ്റ്റംബര്‍ പതിനാറിനാണ് സുദര്‍ശന്‍ ജനിച്ചത്. പത്മഭൂഷണ്‍(1976), പത്മവിഭൂഷണ്‍(2007) എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കോട്ടയം സിഎംഎസ്, മദ്രാസ് ക്രിസ്ത്യന്‍ കോളജുകളിലും മദ്രാസ് സര്‍വകലാശാലയിലുമായിരുന്നു ഉന്നതപഠനം. ഒരു വര്‍ഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ റസിഡന്റ് ട്യൂട്ടറായിരുന്നു. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ 1952 മുതല്‍ '55 വരെ റിസര്‍ച്ച് അസിസ്റ്റന്റായി. 1957 ല്‍ ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റായി. 1958 ല്‍ അവിടെനിന്നു പിഎച്ച്ഡി നേടി. 1957–'59 കാലത്തു ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനായി. 1959 ല്‍ റോച്ചസ്റ്ററിലേക്കു മടക്കം. 1963 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണിലുള്ള ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിസിറ്റിങ് പ്രഫസര്‍. 1964 ല്‍ സിറാക്കുസ് പ്രോഗ്രാം ഇന്‍ എലിമെന്ററി പാര്‍ട്ടിക്കിള്‍സില്‍ ഡയറക്ടറും പ്രഫസറുമായി. 1969 മുതല്‍ ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍ പ്രഫസര്‍.1973'84 കാലത്ത് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലും 1984'90 ല്‍ ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസില്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലും പ്രഫസറായി. കോട്ടയം കേന്ദ്രമായി ശ്രീനിവാസ രാമാനുജം ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ചപ്പോള്‍, നാടിന്റെ നേട്ടത്തിനൊപ്പം അതിന്റെ പ്രസിഡന്റായി സുദര്‍ശനുമുണ്ടായിരുന്നു. ഭാമതിയാണ് ഭാര്യ. മൂന്നുമക്കളുണ്ട്.



 

14-May-2018