2019 മുതൽ വാങ്ങിയത് 22,217 ഇലക്ടറൽ ബോണ്ടുകൾ; എസ്ബിഐ സുപ്രീംകോടതിയിൽ

ഇലക്ടറൽ ബോണ്ട് കേസിൽ രേഖകൾ കൈമാറണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനു കൈമാറിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). 2019 ഏപ്രിലിനും 2024 ഫെബ്രുവരി 15നും ഇടയിൽ വാങ്ങിയത് 22,217 ബോണ്ടുകളാണെന്നും അതിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ പണമാക്കിയതായും എസ്ബിഐ സത്യവാങ്മൂലത്തിൽ അറിയിച്ചു.

ഇലക്ടറൽ ബോണ്ടുകളുടെ തുക 15 ദിവസത്തെ സാധുത കാലയളവിനുള്ളിൽ എൻക്യാഷ് ചെയ്തിട്ടില്ല. പകരം നിയമമനുസരിച്ച് അവയെല്ലാം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മാറ്റിയതായും എസ്ബിഐ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയാണ് എസ്ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് മുൻപാകെ പെൻഡ്രൈവിലാണ് വിവരങ്ങൾ കൈമാറിയതെന്നും ഇതിലെ രണ്ടു പിഡിഎഫ് ഫയലുകൾക്ക് പാസ്‌വേഡ് നൽകിയിട്ടുണ്ടെന്നും എസ്ബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

പെൻഡ്രൈവിലുള്ള വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ജമ്മുകശ്മീരിലെ സന്ദർശനം പൂർത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷർ ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമായിരിക്കും വിവരങ്ങള്‍ പരിശോധിക്കുക.

കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിന് പിന്നാലെയാണ് എസ്ബിഐ ഇന്നലെ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിര‍ഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. എസ്‌ബിഐ നല്‍കുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പരസ്യമാക്കിയേക്കും. മാർച്ച് 15 വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് മുന്‍പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന നിർദേശം.

വിശദാംശങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30 വരെ സാവകാശം ആവശ്യപ്പെട്ട എസ്‍ബിഐയെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂക്ഷമായി വിമർശിക്കുകയും ഈ ആവശ്യം സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു. ഫെബ്രുവരി 15നാണ് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ഇത്തരവിടുന്നത്.

13-Mar-2024