പൗരത്വ ഭേദഗതി നിയമം; കോൺഗ്രസിനോട് ചോദ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി
അഡ്മിൻ
പൗരത്വ ഭേദഗതി വിഷയത്തിൽ കോൺഗ്രസിനോട് ചോദ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദ്യങ്ങളിൽ നിന്ന് എഐസിസി അധ്യക്ഷൻ ഒഴിഞ്ഞുമാറുന്നത് എന്തുകൊണ്ടാണെന്നും പിണറായി ചോദിച്ചു.
ഭാരത് ജോഡോ ന്യായ് യാത്ര പൗരത്വ ഭേദഗതി നിയമത്തിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? 2019 ഡിസംബറിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ രാഹുൽ ഗാന്ധി എവിടെയായിരുന്നു?ബിൽ അവതരിപ്പിച്ചപ്പോഴും തൊട്ടുപിന്നാലെയും എന്തുകൊണ്ടാണ് അദ്ദേഹം തൻ്റെ നിലപാട് പാർലമെൻ്റിൽ അവതരിപ്പിക്കാതിരുന്നത്?
എന്തുകൊണ്ടാണ് പൗരത്വ ഭേദഗതി വിഷയത്തിൽ ബിജെപി സർക്കാരിനെതിരെ വിശാല ഐക്യം രൂപീകരിക്കാൻ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് മുൻകൈയെടുക്കാത്തത്? ഡൽഹി കലാപസമയത്ത് ഇരകൾക്കൊപ്പം നിന്നത് ഇടതുപക്ഷമായിരുന്നില്ലേ? സംഘപരിവാർ ക്രിമിനലുകൾ ന്യൂനപക്ഷ വേട്ട നടത്തിയ ആ ഘട്ടത്തിൽ കോൺഗ്രസ് മൗനത്തിലായിരുന്നില്ലേ?
എൻഐഎ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയത് കോൺഗ്രസും ബിജെപിയും ഒരുമിച്ചായിരുന്നില്ലേ? ന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യമിടുന്ന ഈ നിയമഭേദഗതിക്കെതിരെ ലോക്സഭയിൽ കേരളത്തിൽനിന്നും വോട്ടു ചെയ്തത് സിപിഎം എംപി മാത്രമാണ് എന്നത് നിഷേധിക്കാനാകുമോ?
∙ കേരളത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരങ്ങളിൽ നിന്നും കോൺഗ്രസ് ഏകപക്ഷീയമായി പിന്മാറിയത് സമരത്തിന്റെ കരുത്ത് കുറയ്ക്കാനായിരുന്നില്ലേ? യോജിച്ച സമരങ്ങളിൽ പങ്കെടുത്ത കേരളത്തിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്കവാൾ ഓങ്ങിയത് ആരെ പ്രീതിപ്പെടുത്താനായിരുന്നു?