ഡൽഹി മദ്യനയ അഴിമതിക്കേസില്‍ കെ കവിത 7 ദിവസത്തെ ഇഡി കസ്റ്റഡിയിൽ
അഡ്മിൻ
ഡൽഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് കെ കവിത 7 ദിവസത്തെ ഇഡി കസ്റ്റഡിയിൽ. ഇന്നലെ കവിതയുടെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള കവിതയുടെ വസതിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഐടി വകുപ്പുകളും (ഇൻകം ടാക്സ്) റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കവിതയെ ഇഡി കസ്റ്റഡിയിലെടുത്തത്. പിന്നീട് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തന്റെ അറസ്ററ് നിയമവിരുദ്ധമെന്ന് ബിആർഎസ് നേതാവ് കെ കവിത ആരോപിച്ചിരുന്നു. ദില്ലി റോസ് അവന്യൂ കോടതിയിലാണ് ഇഡി കവിതയെ ഹാജരാക്കിയത്. എന്തിനാണ് ധൃതി പിടിച്ച് അറസ്റ്റ് ചെയ്തതെന്ന് കോടതി വാദത്തിനിടെ ഇഡിയോട് ചോദിച്ചു. ഇഡി നടപടിക്കെതിരെ കവിത നൽകിയ ഹർജി സുപ്രീം കോടതി പത്തൊൻപതിന് പരിഗണിക്കാനിരിക്കുകയാണെന്നും കടുത്ത നടപടി ഉണ്ടാകില്ലെന്ന് പറഞ്ഞ ഇഡി അറസ്റ്റ് ചെയ്തത് കോടതിയെ മറികടക്കുന്നതാണെന്നും കവിതയുടെ അഭിഭാഷകൻ പറഞ്ഞു.
കടുത്ത നടപടി ഉണ്ടാകില്ലെന്ന് കോടതിയിൽ പറഞ്ഞിട്ടില്ലെന്ന് ഇഡി അഭിഭാഷകൻ മറുപടി നൽകിയിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടിരിക്കുന്നത്.