ഗ്യാൻവാപി : നിലവറയിലെ പൂജ പള്ളിയിലെ നിസ്കാരത്തിന് തടസ്സമല്ല ;രണ്ടും തുടരട്ടെയെന്ന് കോടതി
അഡ്മിൻ
ഉത്തർപ്രദേശിലെ വാരാണസിയിലുള്ള ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൻ്റെ തെക്കൻ നിലവറയിൽ നടത്തുന്ന പൂജ നിർത്തിവയ്ക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഗ്യാൻവാപി പരിസരത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും ആരാധിക്കുന്ന കാര്യത്തിൽ തൽസ്ഥിതി തുടരാനും കോടതി ഉത്തരവിട്ടു.
ഇതോടെ പള്ളിക്ക് അകത്ത് പൂജ തുടരും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിൻറേതാണ് നിർദ്ദേശം. ഗ്യാൻവാപിയിലെ തെക്കൻ നിലവറയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിലെ പൂജ പള്ളിയിലെ നിസ്കാരത്തിന് തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തല്ക്കാലം രണ്ടും തുടരട്ടെ എന്ന് വ്യക്തമാക്കി.
ഗ്യാൻവാപി പള്ളിയിലെ തെക്കെ നിലവറയിൽ പൂജയ്ക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിൽ നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീൽ തള്ളിയത്. 1993 വരെ നിലവറകളിൽ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്.
ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണ്. ആരാധന നടത്താനുള്ള വ്യാസ് കുടുംബത്തിന്റെ അവകാശം ഹനിക്കപ്പെട്ടു. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25ആം ആനുച്ഛേദത്തിൻറെ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.