ആദായനികുതി വകുപ്പ് നടപടികൾ നിയമപരമായി നേരിടുമെന്ന് സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി. തെറ്റുപറ്റിയത് ബാങ്കിനാണെന്നും ബാങ്ക് ഓഫ് ഇന്ത്യ പാൻ നമ്പർ തെറ്റായ രേഖപ്പെടുത്തിയെന്നും ജില്ലാ സെക്രട്ടറി എംഎം വർഗീസ്. തെറ്റ് സമ്മതിച്ച് ബാങ്ക് പാർട്ടിക്ക് കത്ത് നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോടി രൂപയുമായി ബാങ്കിലെത്തിയത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുകയാണെന്ന് എംഎം വർഗീസ് വിമർശിച്ചു. പാർട്ടിയുടേത് നിയമപരമായ ഇടപാടാണെന്നും പുകമറ സൃഷ്ടിച്ച് തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് അദ്ദേഹം പറയുന്നു. പാർട്ടിയുടെ ആവശ്യത്തിനായാണ് പണം പിൻവലിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമാനുസൃതമായി നടത്തിയ ഇടപാടിലൂടെ പിൻവലിച്ച തുക ചിലവഴിക്കുന്നത് തടയാനുള്ള അധികാരം ആദായനികുതിയ്ക്ക് ഇല്ല. തെരഞ്ഞെടുപ്പ് സമയമായിരുന്നതുകൊണ്ട് വിഷയമാക്കിയില്ല. പണം പാർട്ടി ഓഫീസിൽ സൂക്ഷിക്കുകയും ചെയ്തെന്ന് എംഎം വർഗീസ് പറഞ്ഞു.
പാർട്ടിയുടെ നിയമവിധേയ ചിലവുകൾക്ക് ഏപ്രിൽ 2 ന് ബാങ്കിൽ നിന്ന് ഒരു കോടി പിൻവലിച്ചിരുന്നു. ഏപ്രിൽ 5 ന് ബാങ്കിൽ പരിശോധനയ്ക്കെത്തിയ ആദായ നികുതി ഉദ്യോഗസ്ഥർ പണം പിൻവലിച്ചത് തെറ്റായ നടപടി എന്ന് വ്യാഖ്യാനിച്ചു. പിന്നാലെ ഇടപാട് മരവിപ്പിക്കുകയും ചെയ്തു. ശേഷം ആദായ നികുതി വകുപ്പ് തൃശൂർ അസിസ്റ്റന്റ് ഡയറക്ടർ സി പി എം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. പിൻവലിച്ച ഒരു കോടിയുമായി ഇന്നലെ മൂന്നു മണിക്ക് ഹാജരാകാനായിരുന്നു നോട്ടീസ്. ഇത് പ്രകാരമാണ് പണവുമായി ബാങ്കിലെത്തിയതെന്നും എം എം വർഗീസ് വ്യക്തമാക്കി.
പാർട്ടിയുടെ അക്കൗണ്ട് സുതാര്യമാണ്. മറയ്ക്കാനൊന്നുമില്ലെന്നും എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നും സി പി എം തൃശൂർ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ചത് മുകളിൽ നിന്നുള്ള ഇടപെടൽ കൊണ്ടാണെന്നും പിടിച്ചെടുത്തതുക തിരിച്ചു കിട്ടാൻ നിയമപരമായ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലുണ്ടായിരുന്ന പൈസ ഐ ടി ക്കാർ അവരുടെ കസ്റ്റഡിയിലാക്കിയെന്നും എം എം വർഗീസ് കൂട്ടിച്ചേർത്തു.