'അറിയില്ലെങ്കിൽ അറിയില്ല എന്നു പറയണം, അല്ലാതെ ചുമ്മാ അറിവില്ലായ്‌മ വിളമ്പരുത്'
അഡ്മിൻ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെന്ന പേരിൽ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് മരവിപ്പിച്ച കേന്ദ്രസർക്കാർ തീരുമാനം ഇതിനോടകം വിവാദമായിരിക്കുകയാണ്. നാട്ടിലെ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നതാണ് ഫണ്ട് മരവിപ്പിക്കുന്ന തീരുമാനം എന്നതാണ് പ്രധാന പ്രശ്‌നം. എന്നാൽ ഇത്തരം പ്രശനങ്ങളെ അടിസ്ഥാനരഹിതമായ വാദങ്ങൾകൊണ്ട് മറയ്ക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നത്.
സാമുവൽ ഫിലിപ്പ് മാത്യു എഴുതുന്നു
കേന്ദ്ര സഹമന്ത്രി ശ്രീ വി മുരളീധരൻ ഇന്നലെ രാത്രി മനോരമ ചാനലിൽ വന്നിരുന്ന് പറഞ്ഞ കാര്യങ്ങളൊക്കെ ശുദ്ധ അസംബന്ധമാണ്.
1. എംപിലാഡ് ഫണ്ട് ഇല്ലാതാക്കിയതിൽ രാഷ്ട്രീയമില്ല, അതിന്റെ ഭാഗമായ മുഴുവൻ ഫണ്ടും ആവശ്യമായ സ്ഥലങ്ങളിൽ വിനിയോഗിക്കാൻ കഴിയും എന്നതാണ് അദ്ദേഹം പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാരണം, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാവുന്ന തീരുമാനമാണത്. ആരാണ് ഇനിയത് വിനിയോഗിക്കുക എന്നദ്ദേഹം പറഞ്ഞില്ല, സ്വാഭവികമായും പറയില്ല. വേറെയാര്, കേന്ദ്രം തന്നെ! കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് ഈ തീരുമാനം മൂലമുണ്ടാകാൻ പോകുന്നത്. ഒട്ടുമിക്ക വികസന സൂചികകളുടെ കാര്യത്തിലും കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുമ്പിലാണ്. ആ ഒറ്റ കാരണം ചൂണ്ടികാണിച്ചുകൊണ്ടുതന്നെ കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ നിന്ന് കേരളത്തിന് ഫണ്ടനുവദിക്കാതിരിക്കാൻ ഇനിയങ്ങോട്ട് കേന്ദ്രത്തിനു കഴിയും. അതായത്, നാം കഷ്ടപ്പെട്ടു നേടിയെടുത്ത നേട്ടങ്ങൾക്ക് നമ്മെത്തന്നെ ശിക്ഷിക്കുന്ന അവസ്ഥയാണുണ്ടാവാൻ പോവുന്നത്.
2. അതോടൊപ്പം അദ്ദേഹം ഒരുകാര്യം കൂടി പറഞ്ഞു, ഇത് കേന്ദ്രസർക്കാരിന്റെ ഫണ്ടാണെന്നും അത് ഇല്ലാതാക്കുന്നതിൽ ഫെഡെറൽ തത്വങ്ങൾ ലംഘിക്കപ്പെടുന്നില്ല എന്നും. സർ, അറിയില്ലെങ്കിൽ അറിയില്ല എന്നു പറയണം, അല്ലാതെ ചുമ്മാ വന്നിരുന്ന് അറിവില്ലായ്മ വിളമ്പരുത്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പിരിച്ചു നൽകുന്ന നികുതിപ്പണമാണ് കേന്ദ്രത്തിന്റെ ഏറ്റവും വലിയ ധനശ്രോതസ്സ്. ആ നികുതിപ്പണമുപയോഗിച്ച് രാജ്യത്തിന്റെ ഏതു പ്രദേശം/മേഖല വികസിക്കണം ഏതു തരത്തിൽ വികസിക്കണം എന്നൊക്കെ ഇനിയങ്ങോട്ട് കേന്ദ്രം തനിയെ തീരുമാനിച്ചുകൊള്ളും. സംസ്ഥാനങ്ങളൊക്കെ കൈയ്യും കെട്ടി നോക്കിയിരുന്നാൽ മതി. ആസൂത്രണ കമ്മീഷൻ പിരിച്ചു വിട്ടത്, നീതി ആയോഗ് നേരിട്ട് ഗ്രാമസഭകൾ വിളിക്കാൻ ശ്രമിച്ചത്, ജിഎസ്ടി നടപ്പാക്കിയത്, തുടങ്ങിയ നടപടികളുടെ സ്വാഭാവിക തുടർച്ച എന്ന നിലയിലുള്ള അടുത്ത ഘട്ട ഇടപെടലായി വേണം ഇപ്പോഴുള്ള നീക്കത്തെ കാണാൻ. നികുതിയിനത്തിൽ പിരിച്ചെടുക്കുന്ന ഓരോ രൂപയ്ക്കും അതിന്റെ പകുതി പോലും കേന്ദ്രത്തിൽ നിന്ന് തിരിച്ച് കേരളത്തിനു കിട്ടുന്നില്ല എന്നോർക്കുന്നത് ഈയവസരത്തിൽ നല്ലതാണ്.
3. എസ്ഡിആർഎഫിന് അനുവദിച്ച തുക മുഴുവൻ കൊറോണ പ്രതിരോധത്തിനുപയോഗിക്കാം, നിലവിലെ ചട്ടങ്ങൾ പ്രകാരം അതിനു കഴിയില്ല, അതനുവദിച്ചുകൊണ്ടുള്ള ചട്ടങ്ങൾ പുറകാലെ വരുമെന്നതാണ് കേന്ദ്ര മന്ത്രി പറഞ്ഞ മറ്റൊരു കാര്യം. അങ്ങനെ ചെയ്താൽ മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണമില്ലാതെയാവുന്ന സാഹചര്യമാണുണ്ടാവുക. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അവയെ ഫലപ്രദമായി അതിജീവിക്കാനായി എസ്ഡിആർഎഫ് തുകയുൾപ്പെടെയുള്ള ധനശ്രോതസ്സുകളെയാണ് കേരളം ആശ്രയിക്കുന്നത്. ആ ഫണ്ടിലെ തുക മുഴുവൻ ഒറ്റയിനത്തിൽ ചെലവഴിക്കണമെന്ന് നിഷ്‌കർഷിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണുണ്ടാക്കുക. എസ്ഡിആർഎഫ് കൊറോണ പ്രതിരോധത്തിന് ഫലപ്രദമായി ഉപയോഗിക്കുന്നതു സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി മാർച്ച് മാസം 14 ആം തിയതി പ്രധാന മന്ത്രിക്കു കത്തയച്ചിരുന്നു എന്ന കാര്യം നാം ഈ ഘട്ടത്തിലോർക്കണം. മറുപടിയൊന്നും കിട്ടിയതായി അറിവില്ല.
4. ഈ ഘട്ടത്തിൽ കേരളത്തിനു കൂടുതൽ തുക അനുവദിക്കാത്തത് പ്രളയ ദുരിതാശ്വാസത്തിനായി നൽകിയ തുക ബാക്കിയുള്ളതിനാലാണ് എന്നാണ് കേന്ദ്ര സഹമന്ത്രി പറയുന്നത്. അദ്ദേഹം അതും ഇതും തമ്മിൽ കൂട്ടിക്കുഴക്കുന്നതെന്തിനാണ് സർ?! അത്തരത്തിൽ ബാക്കി ഉണ്ടോ ഇല്ലയോ എന്നെനിക്ക് ആധികാരികമായറിയില്ല. ഉണ്ടെന്നാണ് സ്വാഭാവികമായും അനുമാനിക്കാവുന്നത്. കാരണം, അത് കേരള പുനർനിർമ്മാണത്തിനായി മാറ്റിവെച്ച തുകയാണ്, അതാകട്ടെ പൂർണ്ണതോതിൽ യാഥാർത്ഥ്യമാകാൻ രണ്ടു മുതൽ മൂന്നു വർഷം വരെ വേണ്ടി വരുമെന്ന് വിദഗ്ദ്ധർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായ പ്രവർത്തികൾ പൂർണ്ണമാകുമ്പോഴല്ലാതെ ആ പണം ഉപയോഗിച്ചു തീരുമോ? 'ഓഹോ, അപ്പൊ ഇത്രയും നാളായിട്ട് എന്താ അത് പൂർത്തിയാക്കാതിരുന്നത്' എന്ന് ചോദിക്കുന്നവരോടാണ് ഇനി പറയുന്നത്. റോഡും വീടും പാലവുമൊക്കെ വലിയ കാലതാമസം കൂടാതെ പണിതുതീർക്കാം, അത് ചെയ്തിട്ടുമുണ്ട്. എന്നാലതു പോലല്ല നഷ്ടപ്പെട്ട കൃഷിയും ഉപജീവനമാർഗ്ഗങ്ങളും വീണ്ടെടുക്കുന്നത്, അതിന് നല്ല സമയം പിടിക്കും. അതൊക്കെയാകട്ടെ ദുരന്തങ്ങളെ അതിജീവിച്ചവരുടെ താൽപര്യങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടാണ് കേരളം നടപ്പാക്കുന്നത് എന്നും നാമോർക്കണം.
5. പ്രളയ സമയത്ത് ലഭിച്ച് രക്ഷാപ്രവർത്തനങ്ങൾക്കും ധാന്യങ്ങൾക്കുമൊക്കയുള്ള ബില്ലിനെക്കുറിച്ചുള്ള ശ്രീ മുരളീധരന്റെ മറുപടി സാമാന്യ യുക്തിക്കു നിരക്കാത്തതാണ്, ആടിനെ പട്ടിയാക്കുന്നതാണ്. അദ്ദേഹം പറഞ്ഞത്, തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മസ്‌ക്റ്റ് ഹോട്ടലിൽ താമസിച്ചാൽ അതിന്റെ ബില്ല് സ്വാഭാവികമായും കേന്ദ്ര അഡ്മിനിസ്‌ട്രേഷൻ വകുപ്പിനു നൽകുമെന്നും അവരതിന്റെ തുക അടച്ചുകൊള്ളുമെന്നുമാണ്. അതുകൊണ്ട് സ്വാഭാവികമായും ബില്ല് ഇഷ്യൂ ചെയ്യും, ചെലവായ തുകക്കു കണക്കു വേണ്ടേ എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. അതുപോലാണോ സർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ബില്ല് അയക്കുന്നത്?! ഇനി ബില്ല് അയക്കണമെന്നവർക്കിത്ര നിർബന്ധമാണെങ്കിൽ അവർ കേന്ദ്ര സർക്കാരിന് ബില്ലയക്കട്ടെ, അതല്ലേ ഹീറോയിസം.
6. ഇത്രയുമൊക്കെ പോരാഞ്ഞിട്ട് ഇതുകൂടി അദ്ദേഹം പറഞ്ഞു വെച്ചു, ബില്ലൊക്കെ തിരിച്ചു കേന്ദ്രത്തിനയച്ചാൽ മതിയല്ലോ, അവരത് അടച്ചുകൊള്ളുമല്ലോ എന്ന്. ഇത്തരം ബില്ലുകൾ വന്നുതുടങ്ങിയപ്പോൾ തന്നെ ധാന്യങ്ങളുടെയും രക്ഷാപ്രവർത്തങ്ങളുടെയും തുക ഈടാക്കുന്നത് ഒഴിവാക്കണമെന്ന് കേരളം കേന്ദ്രത്തോട് ഒന്നുരണ്ടു തവണ അപേക്ഷിച്ചതാണ്. പിന്നെയും ബില്ലൊക്കെ ഇവിടെ തന്നെ തിരിച്ചെത്തി. ഇതൊക്കെ മന്ത്രിക്കറിയാത്തതല്ല, ചുമ്മാ, വെറുതെ ഒരു രസം. ലോക്ക്ഡൗണിൽ കഴിയുമ്പോൾ എന്തെങ്കിലുമൊക്കെ ഒരു വിനോദം വേണ്ടെ എന്നദ്ദേഹം ചിന്തിക്കുന്നുണ്ടാകും.
08-Apr-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ