ഡ്രഗ്‌ കൺട്രോൾ ജനറൽ ഓഫ്‌ ഇന്ത്യയുടെ അനുമതി ലഭിച്ചാൽ പരീക്ഷണം

രോഗമുക്തി നേടിയവരുടെ രക്തത്തിൽനിന്നുള്ള ആന്റിബോഡി ഉപയോഗിച്ച്‌ കോവിഡ്‌ ചികിത്സ നടത്താനുള്ള ആന്റിബോഡി തെറാപിക്ക്‌ കേരളത്തിന്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ചി (ഐസിഎംആർ)ന്റെ അനുമതി. കോവിഡ്‌ ബാധിച്ച്‌ ഗുരുതരമായ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള നൂതന ‘കൺവാലസന്റ്‌ പ്ലാസ്മ’ ചികിത്സ സജ്ജമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകുകയാണ്‌ കേരളം.

പൂർണ രോഗമുക്തി നേടിയ ഒരാളിൽനിന്ന്‌ ഒരിക്കൽ ശേഖരിക്കുന്ന പ്ലാസ്മ നാലുപേരുടെ ജീവൻ നിലനിർത്താൻ സഹായിക്കും. അമേരിക്കയിൽ ഈ രീതി അംഗീകരിക്കും മുമ്പുതന്നെ കേരളം പ്രോട്ടോക്കോൾ തയ്യാറാക്കി ഐസിഎംആർ അനുമതി തേടിയിരുന്നു. ആളുകളിൽ പ്രായോഗിക പരീക്ഷണം (ക്ലിനിക്‌ ട്രയൽ) നടത്താനാണ്‌ അനുമതി. സംസ്ഥാന സർക്കാരിനുവേണ്ടി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടാണ്‌ പഠനം നടത്തുന്നത്‌. ഡ്രഗ്‌ കൺട്രോൾ ജനറൽ ഓഫ്‌ ഇന്ത്യയുടെ അനുമതി കൂടി ലഭിച്ചാൽ ഗുരുതരാവസ്ഥയിലായ രോഗികളിൽ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ഈ ചികിത്സ പരീക്ഷിക്കാനാകും.

"സൂപ്പർ അബ്‌സോർബന്റ്‌' റെഡി

അണുബാധയുള്ള സ്രവങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ "സൂപ്പർ അബ്സോർബന്റ്' കണ്ടെത്തി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. ‘ചിത്ര അക്രിലോസോർബ് സെക്രീഷൻ സോളിഡിഫിക്കേഷൻ സിസ്റ്റം' എന്നാണ്‌ പേര്‌. ശരീരസ്രവം ആഗിരണം ചെയ്ത് അണുക്കളെ നശിപ്പിക്കുന്ന പദാർത്ഥമാണ് അക്രിലോസോർബ്. അക്രിലോസോർബ് നിറച്ച സംഭരണികൾ സ്രവങ്ങളെ ജെൽ രൂപത്തിലാക്കി അണുക്കളെ നശിപ്പിക്കും. രോഗികളിൽനിന്ന് ശേഖരിക്കുന്ന സ്രവം സംസ്‌കരിക്കുന്നതിനുള്ള വലിയ ബുദ്ധിമുട്ടാണ്‌ ഇതോടെ ഇല്ലാതായതെന്ന്‌ ശാസ്ത്ര സാങ്കേതിക സെക്രട്ടറി പ്രൊഫ. അശുതോഷ് ശർമ പറഞ്ഞു. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്‌ ബയോ മെറ്റീരിയൽ സയൻസ് ആൻഡ്‌ ടെക്നോളജിയിലെ ഡോ. എസ് മഞ്ജു, ഡോ. മനോജ് കോമത്ത് എന്നിവരാണ് കണ്ടുപിടിത്തത്തിന്‌ പിന്നിൽ.

മാനദണ്ഡങ്ങളിൽ ഇളവ്‌ വേണമെന്ന്‌ സർക്കാർ

ആന്റിബോഡി തെറാപ്പി നടപ്പാക്കാൻ നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവ്‌ വേണമെന്ന്‌ സംസ്ഥാന സർക്കാർ ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യയോട്‌ ആവശ്യപ്പെട്ടു. നിലവിൽ രക്തദാനം ചെയ്യുന്നതിന്‌ മുമ്പുള്ള പരിശോധനകളെല്ലാം തെറാപ്പിക്കായി രക്തം ശേഖരിക്കുന്നതിനും ബാധകമാണ്‌. സാധാരണ നിലയിൽ രക്തദാനം ചെയ്യുന്നതിന്‌ ചില മാനദണ്ഡങ്ങളുണ്ട്‌. മൂന്നു മാസത്തിനുള്ളിൽ പനി വന്നിരിക്കരുത്‌, ശ്വസന സംബന്ധമായ രോഗമുണ്ടാകരുത്‌, സമീപകാലത്ത്‌ വിദേശ സന്ദർശനം നടത്തിയിരിക്കരുത്‌ എന്നിവയാണത്‌. മഹാമാരിയെ നേരിടുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ ഈ മാനദണ്ഡങ്ങളിൽ ഇളവ്‌ അനുവദിക്കണമെന്ന്‌ സർക്കാർ ആവശ്യപ്പെട്ടു. ഡിസിജിഐ അനുമതി ലഭിച്ചാലുടൻ സർക്കാർ മെഡിക്കൽ കോളേജ്‌ ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിൽ ആവശ്യമായി വന്നാൽ ആന്റിബോഡി തെറാപ്പി ആരംഭിക്കും. ക്യൂബൻ മരുന്ന്‌ ഇന്റർഫെറോൺ പരീക്ഷിക്കാനും ഐസിഎംആർ അനുമതി നൽകിയിട്ടുണ്ട്‌.

10-Apr-2020