എഫ്‌സിഐ ഗോഡൗണുകളിലെ അധിക ഭക്ഷ്യധാന്യം എഥനോള്‍ നിര്‍മാണത്തിന് കേന്ദ്രം വിട്ടുനല്‍കുന്നു. അടച്ചിടല്‍കാലത്ത് കോടിക്കണക്കിനാളുകള്‍ പട്ടിണികിടക്കുമ്പോഴാണ് അരിയും ഗോതമ്പും വ്യവസായ ആവശ്യത്തിന് കൈമാറുന്നത്. ദരിദ്രർക്ക് ഭക്ഷ്യധാന്യം സൗജന്യനിരക്കില്‍ വിതരണംചെയ്യണമെന്ന ആവശ്യം നിരാകരിച്ചാണ് നടപടി. കാലിത്തീറ്റയുണ്ടാക്കി കയറ്റുമതിചെയ്യാന്‍ ഭക്ഷ്യധാന്യം മറിച്ചുവിറ്റതിനുപിന്നാലെയാണിത്.
ദേശീയ ജൈവഇന്ധന ഏകോപനസമിതി(എൻബിസിസി) യോഗമാണ് തീരുമാനമെടുത്തതെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ആറ് കോടി ടൺ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്നു. ഏപ്രിലിൽ കരുതൽ ശേഖരമായി വേണ്ടത് 2.1 കോടി ടണ്ണാണ്. റാബി വിളവെടുപ്പ് വഴി 10 കോടി ടൺ ലഭിക്കുമെന്നാണ് നിഗമനം. എത്രത്തോളം മറിച്ചുവിൽക്കുമെന്ന് വ്യക്തമാക്കുന്നില്ല.
എഥനോള്‍ നിര്‍മിച്ച് ആള്‍ക്കഹോള്‍ അധിഷ്ഠിത അണുനാശിനിയും ജൈവഇന്ധനവും ഉൽപ്പാദിപ്പിക്കുമെന്നാണ് വിശദീകരണം. ഭക്ഷ്യസുരക്ഷാപദ്ധതി വഴി 80 കോടിപേർക്ക് അഞ്ച് കിലോ വീതം ഭക്ഷ്യധാന്യം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും കുടിയേറ്റത്തൊഴിലാളികൾ അടക്കമുള്ളവർക്ക് ഇതിന്റെ പ്രയോജനമില്ല. ദരിദ്രവിഭാഗത്തിൽപെട്ട 10 കോടിയിലേറെ പേർ ഭക്ഷ്യസുരക്ഷാപദ്ധതിക്ക് പുറത്താണ്.
എഥനോൾ പഞ്ചസാര അടങ്ങിയ ജൈവവസ്തുക്കളെ പുളിപ്പിച്ച് വാറ്റിയാണ് ശുദ്ധമായ സ്‌പിരിറ്റ് എന്നറിയപ്പെടുന്ന എഥനോള്‍ (ഈഥേൽ ആൽക്കഹോൾ)നിര്‍മിക്കുന്നത്. കരിമ്പും പഞ്ചസാരയുമാണ് പ്രധാന അസംസ്കൃതവസ്തു. കരിമ്പ് വിളവെടുപ്പ് തുടങ്ങിയപ്പോൾ (2019 സെപ്‌തംബർ–-ഒക്ടോബർ) 142 ലക്ഷം ടൺ പഞ്ചസാര ശേഖരമുണ്ടായിരുന്നു. വിളവെടുപ്പും റെക്കോഡായി. പഞ്ചസാര ആവശ്യത്തിലേറെ ഉണ്ടായിരിക്കെയാണ് അരിയും ഗോതമ്പും എഥനോൾ ഉൽപാദനത്തിനുനൽകുന്നത്.വർഷം 335 കോടി ലിറ്റർ എഥനോൾ ഉൽപാദിപ്പിക്കാന്‍ രാജ്യത്തിന് ശേഷിയുണ്ട്. 2018ൽ 270 കോടി ലിറ്റർ എഥനോള്‍ കരിമ്പില്‍നിന്ന് ഉൽപാദിപ്പിച്ചു. ഇക്കൊല്ലം മദ്യനിർമാണത്തിന് ഉൾപ്പെടെ 380 കോടി ലിറ്റർ വേണ്ടിവരും. 2019–-20ൽ എട്ട് ലക്ഷം ടൺ പഞ്ചസാര എഥനോളാക്കിയെന്ന് പഞ്ചസാര നിർമാതാക്കളുടെ സംഘടന(ഐഎസ്‌എംഎ) വ്യക്തമാക്കുന്നു. 30 ലക്ഷം ടൺ പഞ്ചസാര കുറഞ്ഞ വിലയ്‌ക്കു കയറ്റുമതി ചെയ്‌തു.