ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വായു മലിനീകരണതോത് 20 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് നാസ

ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വായു മലിനീകരണതോത് 20 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് നാസ. ഉപഗ്രഹ പഠനത്തിൽ വായുവിലെ ഖര -ദ്രാവക കണികകളുടെ (എയ്റോസോൾ) നിരക്ക് കുറഞ്ഞന്ന് നാസ ചൂണ്ടിക്കാട്ടുന്നു.

ഫാക്ടറികളുടെ പ്രവർത്തനവും റോഡ് - വ്യോമ ഗതാഗതവും കുറഞ്ഞതുമാണ് വായു  മലിനീകരണം കുറയാൻ ഇടയാക്കിയത്. ലോക്ഡൗണിൻ്റെ ആദ്യ ആഴ്ചയിൽ തന്നെ വായുവിലെ മലിന കണങ്ങൾ കുറയുന്നത് ദൃശ്യമായെന്നും നാസയുടെ പഠനം പറയുന്നു.

മനുഷ്യനിർമ്മിതമായ മലിന കണങ്ങളാണ് പല ഇന്ത്യൻ നഗരങ്ങളിലെയും വായുവിനെ അനാരോഗ്യകരമാക്കുന്നത്. ലോക് ഡൗണിനു പിന്നാലെ മാർച്ച് 27ന് ലഭിച്ച മഴയും വായു  മലിനീകരണം കുറയുന്നതിന് സഹായമായി. പതിറ്റാണ്ടുകൾക്കു ശേഷം പഞ്ചാബിലെ പല മേഖലകളിൽ നിന്ന് ഹിമാലയം ദൃശ്യമാകുന്ന സ്ഥിതിയുണ്ടായി. എന്നാൽ ഉത്തരേന്ത്യയിലേതിനു സമാനമായ നിരക്കിൽ ദക്ഷിണേന്ത്യയിൽ വായുവിലെ മലിന കണങ്ങൾ കുറഞ്ഞില്ല. മാത്രമല്ല, കഴിഞ്ഞ നാലു വർഷത്തെ അപേക്ഷിച്ച് ചെറിയ തോതിൽ മലിനീകരണ നിരക്ക് കൂടുകയും ചെയ്തു. ഇതിൻ്റെ കാരണം വ്യക്തമല്ലെന്നും എന്നാൽ, നിലവിലെ കാലാവസ്ഥക്രമം, കൃഷിയിടങ്ങളിലെ തീയിടൽ, കാറ്റ്, മറ്റ് ഘടകങ്ങൾ എന്നിവയാകാം സ്വാധീനിച്ചിട്ടുണ്ടാവുകയെന്നും പഠനം പറയുന്നു.

ഇന്തോ-ഗംഗാനദീതട മേഖലയിൽ എയ്റോസോൾ നിരക്ക് ഇത്രയധികം കുറഞ്ഞ സാഹചര്യം ഇതിനുമുമ്പ് താൻ കണ്ടിട്ടില്ലെന്ന് നാസയുടെ മാർഷൽ സ്പേസ് ഫ്ലൈറ്റ് സെൻ്ററിലെ ശാസ്ത്രജ്ഞൻ പവൻ ഗുപ്ത പറഞ്ഞു. ചില മേഖലകളിൽ നിന്ന് പുറന്തള്ളുന്ന മലിന കണങ്ങൾ പെട്ടെന്ന് നിലയ്ക്കുന്നതിനോട് അന്തരീക്ഷം എങ്ങനെ പ്രതികരിക്കുമെന്ന് പഠിക്കാനുള്ള മികച്ച അവസരമാണ് ലോക്ഡൗൺ ഒരുക്കിയത്. മനുഷ്യനിർമ്മിതവും പ്രകൃതിദത്തവുമായ കണങ്ങൾ അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുന്നവെന്ന് വേർതിരിച്ച് മനസിലാക്കാൻ നിലവിലെ സാഹചര്യം സഹായിക്കുമെന്നും പഠനം പറയുന്നു.

23-Apr-2020