മോഡിസർക്കാരിന്റെ പരിഷ്കരിച്ച വിദ്യാഭ്യാസ നയം വഴിതുറക്കുന്നത് ഉന്നതവിദ്യാഭ്യാസം വരേണ്യവിഭാഗത്തിനുമാത്രമായി പരിമിതപ്പെടുത്തുകയെന്ന സംഘപരിവാർ അജൻഡയ്‌ക്ക്. തൊഴിൽനൈപുണ്യ വികസനത്തിൽ കേന്ദ്രീകരിക്കുന്നതിന്റെ പേരിൽ ഉന്നതവിദ്യാഭ്യാസ അവസരം ഭൂരിപക്ഷത്തിനും നിഷേധിക്കപ്പെടുമെന്ന് ആശങ്ക. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ നിലനിൽപ്പിനുള്ള ഫണ്ട് സ്വയം കണ്ടെത്തേണ്ടിവരുന്നത് ഫീസ് കുത്തനെ ഉയരാനിടയാക്കും. സ്വകാര്യസ്ഥാപനങ്ങൾക്ക് കോഴ്‌സുകളുടെ സ്വഭാവം അനുസരിച്ച് തോന്നുംപോലെ ഫീസ് ഈടാക്കാന്‍ അനുമതി ലഭിക്കും.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് ഒരുപോലെ ക്രമീകരിക്കുമെന്നും പിന്നോക്കവിഭാഗങ്ങൾക്ക് സ്‌കോളർഷിപ് നൽകുമെന്നും പറയുന്നുണ്ട്. എന്നാൽ, സ്‌കോളർഷിപ് വെട്ടിക്കുറയ്‌ക്കുന്നതും വൈകിപ്പിക്കുന്നതുമാണ് അനുഭവം. ഉന്നതവിദ്യാഭ്യാസമേഖലയിൽ അഞ്ച് വർഷമായി മോഡിസർക്കാർ ചെലവിടുന്നത് ബജറ്റ് വിഹിതത്തിന്റെ 1.4 ശതമാനംമാത്രം. ഇതില്‍ കൂടുതൽ കേന്ദ്രസഹായം ഇനി പ്രതീക്ഷിക്കേണ്ടതില്ല. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സംസ്ഥാനങ്ങളുടെ ഇടപെടലും പരിമിതമാകും.
‘64 കലയിലും സമർഥരാക്കും’ ബാണഭട്ടന്റെ കൃതിയായ കാദംബരിയിൽ വിവരിക്കുന്നതുപോലെ 64 കലയിലും സാമർഥ്യമുള്ളവരായി വിദ്യാർഥികളെ വളർത്തിയെടുക്കുന്നതാണ് നല്ല വിദ്യാഭ്യാസം എന്ന് നയരേഖയിൽ വിവക്ഷിക്കുന്നു. ഇതിനായി ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളെ മാറ്റിയെടുക്കും. സ്‌കൂൾതലത്തിൽ പഠനഭാരം ലഘൂകരിക്കുമെന്നും സെക്കൻഡറി തലത്തിൽ ഇഷ്ടമുള്ള വിഷയങ്ങൾ പഠിച്ചാൽ മതിയെന്നും വ്യവസ്ഥ ചെയ്‌തിട്ടാണ് ഉന്നതവിദ്യാഭ്യാസമേഖലയിൽ സകലകലാവല്ലഭന്മാരെ സൃഷ്ടിക്കുന്നത്. കൈത്തൊഴിലും സ്വയംതൊഴിലും തുടങ്ങാന്‍ പ്രാപ്‌തരാക്കുക മാത്രമായി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ചുരുങ്ങുന്നു. സ്വതന്ത്രചിന്തയെ പടിക്ക്പുറത്തുനിര്‍ത്തുന്നു. മികച്ച ജീവിതസൗകര്യമുള്ളവർമാത്രം ഉന്നതവിദ്യാഭ്യാസം നേടിയാൽ മതിയെന്ന ധാരണ ഇതിലൂടെ ബലപ്പെടുത്തുന്നു.
ബിരുദത്തില്‍ ഇരട്ടത്താപ്പ് ഡൽഹി സർവകലാശാലയിൽ നിലനിന്ന നാല് വർഷ ബിരുദകോഴ്‌സ് മോഡിസർക്കാർ വന്നശേഷം മാനവവിഭവശേഷി മന്ത്രാലയം ശക്തമായി ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ നാല് വർഷ ബിരുദകോഴ്‌സ് കേന്ദ്രം തന്നെ മുന്നോട്ടുവയ്‌ക്കുന്നു.