കേരളം അവലംബിക്കുന്നത് ശാസ്ത്രീയമായ ഓഡിറ്റ്

സംസ്ഥാനത്ത് കൃത്യമായ മാനദണ്ഡങ്ങള്‍ വച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നത്.

 ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള International Guidelines For Certification And Classification (Coding) Of Covid-19 As Cause Of Death എന്ന ഇന്റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ചാണ് ഇവിടെയും കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. ഇതനുസരിച്ച് കോവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. കോവിഡ് മരണത്തില്‍ ശാസ്ത്രീയമായ ഓഡിറ്റാണ് കേരളം അവലംബിക്കുന്നത്.

ഇക്കാര്യത്തില്‍ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ്, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ്, ഇന്‍സ്റ്റിറ്റിയൂഷന്‍ മെഡിക്കല്‍ ബോര്‍ഡ്, സ്റ്റേറ്റ് പ്രിവന്‍ഷന്‍ ഓഫ് എപ്പിഡമിക് ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് സെല്‍ എന്നിവരുടെ അംഗങ്ങളടങ്ങുന്ന ഡെത്ത് ഓഡിറ്റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന ഉടനെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. കോവിഡ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭ്യമാകുമ്പോള്‍ മാത്രമേ കോവിഡ് മരണമായി കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരണമടഞ്ഞാല്‍ അതിനെ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. കോവിഡില്‍ നിന്നും മുക്തി നേടിയതിന് ശേഷമാണ് മരിക്കുന്നതെങ്കില്‍ അത് കോവിഡ് മരണമായി കണക്കാക്കില്ല.

മരിച്ച നിലയില്‍ കൊണ്ടുവരുന്ന മൃതദേഹത്തില്‍ നിന്നെടുത്ത സാമ്പിളുകളും കോവിഡ് പരിശോധനയ്ക്കായി അയക്കാറുണ്ട്. അതില്‍ പോലും കോവിഡ് സ്ഥിരീകരിക്കുന്നവയെ പട്ടികയില്‍ ചേര്‍ക്കാറുണ്ട്. ഇത് മറ്റ് പല സംസ്ഥാനങ്ങളും ചെയ്യുന്നില്ല.
മരണകാരണം ആദ്യം നിശ്ചയിക്കുന്നത് ചികിത്സിക്കുന്ന ഡോക്ടറാണ്. ഇന്‍സ്റ്റിറ്റിയൂഷന്‍ മെഡിക്കല്‍ ബോര്‍ഡ് ഇത് അംഗീകരിക്കുന്നു. എല്ലാ മരണങ്ങളുടേയും മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി സൂപ്രണ്ട് ഡെത്ത് ഓഡിറ്റ് കമ്മിറ്റി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്ക് കൈമാറുന്നു. ഇത് വിലയിരുത്തിയാണ് ഡെത്ത് ഓഡിറ്റ് കമ്മിറ്റി കോവിഡ് മരണം കണക്കാക്കുന്നത്.

സംശയകരമായ കോവിഡ് മരണം ഉണ്ടായാല്‍ ഒരേ സമയം 3 സാമ്പിളുകളാണ് എടുക്കുന്നത്. ഒരു സാമ്പിള്‍ എക്‌സ്പേര്‍ട്ട്-എക്സ്പ്രസ്/ട്രൂനാറ്റ് ടെസ്റ്റ് നടത്താനും രണ്ടാമത്തേത് എന്‍ഐവി ആലപ്പുഴയ്ക്ക് പരിശോധിക്കാനയയ്ക്കാനും മൂന്നാമത്തേത് പിന്നീട് ആവശ്യമുണ്ടെങ്കില്‍ പരിശോധിക്കാനായി റിസര്‍വ് ചെയ്ത് വയ്ക്കാനുമാണ് എടുക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച് മരണമടയുന്ന മൃതദേഹത്തില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുന്നില്ല.
മറ്റ് രോഗങ്ങളുണ്ടെങ്കില്‍ പോലും കോവിഡ് മരണമാണെങ്കില്‍ അതില്‍ തന്നെ ഉള്‍പ്പെടുത്താറുണ്ട്. മരിച്ച നിലയില്‍ കൊണ്ടുവന്ന പോസിറ്റീവ് കേസായ മൃതദേഹത്തില്‍ നിന്നും മാത്രമേ എന്‍ഐവി ആലപ്പുഴയിലയ്ക്കാന്‍ സാമ്പിള്‍ എടുക്കുന്നുള്ളൂ. ഡെത്ത് റിപ്പോര്‍ട്ടിംഗ് പോളിസി മാറ്റിയിട്ടില്ല. മൃതദേഹത്തില്‍ നിന്നും സാമ്പിള്‍ എടുക്കാന്‍ അവസരം കിട്ടില്ല. അതേസമയം ചികിത്സയിലിരിക്കുന്ന ആളില്‍ നിന്നും വീണ്ടും സാമ്പിളെടുക്കാന്‍ എളുപ്പമാണ്. സംശയം ദൂരികരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഐവി ആലപ്പുഴയിലേക്ക് സാമ്പിളുകള്‍ അയയ്ക്കുന്നത്. അതേസമയം മൃതദേഹം പരിശോധനാ ഫലം വരുന്നത് വരെ ബന്ധുക്കള്‍ക്ക് കൈമാറാതെ സൂക്ഷിക്കാറില്ല.

കോവിഡ് സംശയിക്കുന്ന സാഹചര്യത്തിലുള്ള എല്ലാ മരണങ്ങളും കോവിഡ് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് തന്നെയാണ് ശവസംസ്‌കാരം നടത്തുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി 


13-Aug-2020